ഇന്ന് വിജയദശമി, നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസം. തിന്മയ്ക്കു മേൽ നന്മ നേടിയ വിജയമായാണ് വിജയദശമി ദിനത്തെ കണക്കാക്കുന്നത്. വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാനൊരുങ്ങുകയാണ് കുരുന്നുകൾ. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലടക്കം നിരവധി ഇടങ്ങളിൽ കുട്ടികൾ ഇന്ന് ആദ്യാക്ഷരം കുറിക്കും.

പുലർച്ചെ മുതൽ ക്ഷേത്രങ്ങളിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ചടങ്ങുകൾ നടക്കുന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും വൻ ഭക്തജനത്തിരക്കാണ്. പുലർച്ചെ മൂന്ന് മുതൽ വിദ്യാരംഭം കുറിക്കുന്നതിനുള്ള ചടങ്ങുകൾക്ക് തുടക്കമായി.
വിജയദശമി ദിനമായ ഇന്ന് പുതിയ ഏതൊരു പഠനവും ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ദിവസമാണ്. വിവിധ കലകളിലും ഈ ദിവസം എല്ലാവരും അധ്യയനം കുറിക്കാറുണ്ട്. അറിവിലേക്കുള്ള ആരംഭം എന്നാണ് വിദ്യാരംഭത്തെ പറയുന്നത്.

ആചാരങ്ങളനുസരിച്ച് 2 വയസ് കഴിഞ്ഞ് മൂന്ന് വയസിന് മുൻപായി കുട്ടികളെ എഴുത്തിനിരുത്തണം. മൂന്നാം വയസ്സിൽ എന്തെങ്കിലും തടസ്സങ്ങളാൽ വിദ്യാരംഭത്തിന് സാധിച്ചില്ലെങ്കിൽ പിന്നെ അഞ്ചാം വയസ്സിൽ വേണം വിദ്യാരംഭം നടത്താൻ എന്നാണ് പ്രമാണം. ക്ഷേത്രങ്ങളിലോ സാംസ്കാരിക കേന്ദ്രങ്ങളിലോ എവിടെയാണോ കുട്ടികളെ എഴുത്തിനിരുത്തുന്നത് അവിടുത്തെ ആചാര്യന്മാർ ‘ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു’ എന്ന് കുഞ്ഞുങ്ങളുടെ നാവില്‍ സ്വര്‍ണ്ണം കൊണ്ട് എഴുതും. പിന്നീട് മണലിലോ, നെല്ലിലോ, അരിയിലോ ആ മന്ത്രം എഴുതിച്ചു കൊണ്ടാണ് കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം നടത്തുന്നത്. അറിവിന്റെ ലോകത്ത് ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും വിജയദശമി ആശംസകൾ.

