തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിലെ താൽക്കാലിക പ്രശ്ന പരിഹാര ശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന്. മന്ത്രിസഭ ഉപസമിതി രൂപീകരണം ഉൾപ്പെടെ മുഖ്യമന്ത്രി വിശദീകരിക്കും. ഏകപക്ഷീയമായി കരാർ ഒപ്പിട്ടത് ചോദ്യം ചെയ്യാൻ ആർജെഡി. സിപിഎം നേതൃയോഗങ്ങളും ഇന്ന് നടക്കും. കരാർ ഒപ്പിട്ടതിലെ ആശയക്കുഴപ്പം ചർച്ചയാകും.മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ ഉണ്ടായ സാഹചര്യം മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ വിശദീകരിക്കും.

പിഎം ശ്രീയിൽ നിന്ന് പിന്നോട്ട് പോകാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതോടെയാണ് ഇടത് മുന്നണിയിൽ ഉരുണ്ടുകൂടിയ പ്രതിസന്ധിക്ക് താൽക്കാലിക വിരാമമായത്. സിപിഎം- സിപിഐ തർക്കം അവസാനിച്ചെങ്കിലും മുന്നണി യോഗത്തിലെ പ്രധാന ചർച്ച പിഎം ശ്രീയെ കേന്ദ്രീകരിച്ചാകും. കരാർ ഒപ്പിടുന്നതിന് മുൻപ് മുന്നണിയെ വിശ്വാസത്തിലെടുത്തില്ലെന്ന പൊതു വികാരം സിപിഐ മുൻപ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, സമവായമായതിനാൽ മുന്നണി യോഗത്തിൽ സിപിഐ വിമർശനം കടുപ്പിക്കാനിടയില്ല.
കരാർ ഏകപക്ഷീയമായി ഒപ്പിട്ടതിനെ ആർജെഡി ചോദ്യം ചെയ്തേക്കും. മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ ഉണ്ടായ സാഹചര്യം മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ വിശദീകരിക്കും. കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്തുന്നതിലെ ആശങ്കയും യോഗത്തിൽ ഉന്നയിച്ചേക്കും. നാല് മണിക്ക് എകെജി സെൻ്ററിലാണ് യോഗം. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും കരാർ ഒപ്പിട്ടതിലെ ആശയക്കുഴപ്പം നേതൃത്വം വിശദീകരിക്കും.

സിപിഐയുമായി നടന്ന തർക്കം തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഗുണം ചെയ്തില്ലെന്ന വിലയിരുത്തൽ പാർട്ടി ഘടകങ്ങൾക്കുണ്ട്. സംസ്ഥാന നേതൃത്വത്തെ മറികടന്ന് പാർട്ടി ജനറൽ സെക്രട്ടറിയെടുത്ത സമീപനമാണ് പിഎം ശ്രീയിൽ പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയത് എന്ന ചർച്ചയും സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വരുന്ന ആഴ്ച പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പിൽ പാർട്ടി തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ഉണ്ടാകും.

