കിഴക്കുപുറം പാടശേഖരത്തിൽ ഈ വർഷവും ഇവിടെ പൂക്കൾ വിരഞ്ഞു തുടങ്ങി. ഇതാദ്യമായിട്ടല്ല ഇവിടെ ആമ്പൽ വിരിയുന്നത്. കഴിഞ്ഞ വർഷം സമൂഹ മാധ്യമങ്ങളടക്കം ലഭിച്ച സ്വീകാര്യതയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. തിരക്കു തുടങ്ങും മുൻപ് ചിത്രങ്ങളെടുക്കാൻ സഞ്ചാരികൾ എത്തിതുടങ്ങിയിട്ടുണ്ട്.

കോട്ടയത്തു നിന്ന് കഞ്ഞിക്കുഴി – കൊല്ലാട് റോഡിൽ ബോട്ട് ജെട്ടി കവലയിൽ എത്തുക. അവിടുന്ന് ഇടത്തോട്ട് തിരിഞ്ഞ് കൊല്ലൻ കവലയിൽ എത്തി വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് പഞ്ചായത്ത് റോഡിലൂടെ തൃക്കേൽ അമ്പലത്തിൽ എത്തണം. ഇതിന്റെ താഴെയാണ് ആമ്പൽ പാടം.
ഫോട്ടോഷൂട്ടിനും കാഴ്ചകൾ കാണാനും പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവിടാനും പ്രായഭേദമെന്യേ ഒട്ടേറെ ആളുകളാണ് കഴിഞ്ഞവർഷം ഇവിടേക്ക് ഒഴുകിയെത്തുന്നത്. പ്രദേശവാസികൾ അല്ലാതെ മറ്റാർക്കും അധികം അറിയാതിരുന്ന ഇവിടം ഈ വർഷവും കൂടുതൽ ജനപ്രിയമാകുകയാണ്.

സഞ്ചാരികൾക്ക് സൗകര്യം ഒരുക്കി വികസനം എത്തിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. കാഴ്ചക്കാരെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ പ്രദേശത്തെ കർഷകരും കുടുംബങ്ങളും ഉത്സാഹത്തോടെ മുൻപിലുണ്ട്.

