ന്യൂഡൽഹി: അഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാനസർവ്വീസുകൾ പുനരാരംഭിക്കുന്നു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒക്ടോബർ അവസാനത്തോടെ ഇന്ത്യയിലും ചൈനയിലുമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

2020-ൽ കോവിഡ് വ്യാപനത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുണ്ടായിരുന്ന വിമാന സർവ്വീസുകൾ നിർത്തിവെച്ചത്. പിന്നീട് ഇവ പുനരാരംഭിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷങ്ങൾ കാരണം അവ പുനഃസ്ഥാപിച്ചില്ല. കഴിഞ്ഞ ജനുവരിയിൽ ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അധികൃതർ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചും വ്യോമ സേവന കരാർ പരിഷ്കരിക്കുന്നതിനെക്കുറിച്ചും സാങ്കേതിക തലത്തിലുള്ള ചർച്ചകൾ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇതുസംബന്ധിച്ചുള്ള വിഷയത്തിൽ തീരുമാനം ഉണ്ടായത്.
പ്രഖ്യാപനത്തിന് പിന്നാലെ കൊൽക്കത്തയിൽ നിന്ന് ചൈനയിലെ ഗ്വാങ്ഷുവിലേക്ക് ഇൻഡിഗോ വിമാനസർവ്വീസ് പ്രഖ്യാപിച്ചു. രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രതിദിന നോൺസ്റ്റോപ്പ് സർവ്വീസ് ഒക്ടോബർ 26 മുതൽ ആരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഡൽഹിയിൽ നിന്ന് ഗ്വാങ്ഷുവിലേക്കും സർവ്വീസ് ആരംഭിക്കുമെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു.

നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുക, വിസ വിതരണം സാധാരണ നിലയിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ദീർഘനാളായി ചൈന ഇന്ത്യയോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ജനുവരിയിൽ ചൈനയിലെത്തിയ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രയോട് ചൈന ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഓഗസ്റ്റിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ്യി ഇന്ത്യ സന്ദർശിച്ചപ്പോൾ, നേരിട്ടുള്ള വിമാനസർവ്വീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ സമ്മതിച്ചിരുന്നു.

നിലവിൽ നേരിട്ടുള്ള വിമാനസർവ്വീസുകൾ ഇല്ലാത്തതിനാൽ ദക്ഷിണ,തെക്കുകിഴക്കൻ ഏഷ്യയിലെ കണക്റ്റിംഗ് ഹബ്ബുകൾ വഴിയാണ് ഇരുരാജ്യങ്ങളിലേക്കും യാത്രക്കാർ എത്തിക്കൊണ്ടിരുന്നത്. സിംഗപ്പൂർ, ഹോങ്കോംഗ്, തായ്ലൻഡ്, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളെയാണ് ഇരുരാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് പ്രധാനമായും ആശ്രയിച്ചിരുന്നത്.
