കൊച്ചി: ആശ വർക്കർമാരുടെ സമരം തീർക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ സമരത്തിനില്ലാതിരുന്ന മറ്റ് യൂനിയനുകളെ കൂടി കക്ഷി ചേർക്കണമെന്ന് ഹൈകോടതി.

പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കം സമർപ്പിച്ച പൊതുതാൽപര്യ ഹരജികളിലാണ് ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ഹരജികൾ പരിഗണിക്കവേ സമരക്കാരുടെ ആവശ്യമെന്തെന്ന് കോടതി ആരാഞ്ഞു. പ്രതിഫലം വർധിപ്പിക്കണമെന്നും സർക്കാറിന്റെ ഭാഗത്ത് നിന്ന് നടപടികളില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. സമരക്കാർ എന്തുകൊണ്ട് കോടതിയിലെത്തിയില്ലെന്നും ഹരജി നൽകിയിരിക്കുന്ന സംഘടന ഏത് മേഖലയിൽ നിന്നാണെന്നും കോടതി ആരാഞ്ഞു.
പൊതുതാൽപര്യ ഹരജിയാണ് ഇതെന്നും കേരള ആശ ആൻറ് ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനെ കേസിൽ എതിർകക്ഷിയാക്കിയിട്ടുണ്ടെന്നും ഹരജിക്കാർ പറഞ്ഞു. അതേസമയം, ആശ വർക്കർമാരുടെ പ്രതിഫലം പരിഷ്കരിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സമിതി രൂപവത്കരിച്ചതായി സർക്കാർ അറിയിച്ചു. സമരം ചെയ്യുന്നത് ഈ മേഖലയിലെ വളരെ കുറച്ചു പേർ മാത്രമാണെന്നും ആശ വർക്കർമാരിൽ ഭൂരിപക്ഷവും സമരത്തെ പിന്തുണക്കുന്നില്ലെന്നും വ്യക്തമാക്കി. ഒരു സംഘടനയൊഴികെ ഹരജിയിൽ ആരും കക്ഷിയല്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.

മറ്റ് സംഘടനകളെയും കൂടി കക്ഷി ചേർക്കണം. കേസിന്റെ തീർപ്പിന് അവരുടെ അഭിപ്രായവും അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഹരജി വീണ്ടും 15ന് പരിഗണിക്കാൻ മാറ്റി.

