ഡൽഹി: പാക്കിസ്ഥാന്റെ അടിച്ചമർത്തൽ സമീപനത്തിന്റെയും വിഭവ കൊള്ളയടിയുടെയും പരിണതഫലമാണ് പാക്ക് അധീന കശ്മീരിലെ പ്രതിഷേധങ്ങളെന്ന് ഇന്ത്യ. ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് പാക്കിസ്ഥാനെ ഉത്തരവാദിയായി കണക്കാക്കണമെന്ന് പ്രതിഷേധക്കാർക്കെതിരായ അക്രമാസക്തമായ അടിച്ചമർത്തലിനെ അപലപിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

“പാക്ക് അധിനിവേശ കശ്മീരിലെ നിരവധി പ്രദേശങ്ങളിൽ നടന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടു. നിരപരാധികളായ സാധാരണക്കാർക്കു നേരെ പാക്ക് സൈന്യം നടത്തിയ ക്രൂരതകളും അതിൽ ഉൾപ്പെടുന്നു. പാക്കിസ്ഥാന്റെ അടിച്ചമർത്തൽ സമീപനത്തിന്റെയും നിർബന്ധിത അധിനിവേശ പ്രദേശങ്ങളിൽ നിന്നുള്ള വിഭവ കൊള്ളയുടെയും സ്വാഭാവിക പരിണതഫലമാണിത്. ക്രൂരമായ ഈ മനുഷ്യാവകാശ ലംഘനങ്ങൾക്ക് പാക്കിസ്ഥാനെ ഉത്തരവാദികളായി കണക്കാക്കണം,” രൺധീർ ജയ്സ്വാൾ പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാക്ക് അധീന കശ്മീരിൽ നടന്ന പ്രതിഷേധങ്ങളിൽ മൂന്നു പൊലീസുകാർ ഉൾപ്പെടെ ഒമ്പതോളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. വിദ്യാർത്ഥികളും വ്യവസായികളും പ്രൊഫഷണലുകളും ഉൾപ്പെടുന്ന സിവിൽ സൊസൈറ്റി ഗ്രൂപ്പായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെഎഎസി) നേതൃത്വത്തിലാണ് പ്രതിഷേധം.

സബ്സിഡിയുള്ള ധാന്യപ്പൊടി, മംഗള ജലവൈദ്യുത പദ്ധതിയുമായി ബന്ധിപ്പിച്ച ന്യായമായ വൈദ്യുതി താരിഫ് തുടങ്ങി സാമ്പത്തികം മുതൽ രാഷ്ട്രീയം വരെയുള്ള 38 ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവയ്ക്കുന്നത്. തങ്ങളുടെ ആവശ്യം ഉന്നയിച്ച് സെപ്റ്റംബർ 29 മുതൽ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികളാണ് വിഷയം കൂടുതൽ വഷളാക്കിയത്.

