ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനം. ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്താണ് സംഭവം. ഒരു ഗ്രാമം ഒലിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്. നിരവധി പേരെ കാണാതായി. പൊലീസ്, എൻഡിആർഎഫ്, സൈന്യം, മറ്റ് ദുരന്ത നിവാരണ സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

മേഘവിസ്ഫോടനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ശക്തയമായി ഒഴുകിയെത്തിയ വെള്ളത്തിനൊപ്പം വീടുകൾ ഒഴുകിപ്പോകുന്നതാണ് ഭയാനകമായ ദൃശ്യങ്ങളിലുള്ളത്. ഉത്തരാഖണ്ഡിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ഏകദേശം 10 -12 പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയിരിക്കാമെന്നും ഗ്രാമവാസിയായ രാജേഷ് പൻവാർ വാർത്താ ഏജൻസിയോട് പറഞ്ഞു. 20-25 ഹോട്ടലുകളും ഹോംസ്റ്റേകളും ഒലിച്ചുപോയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കനത്ത മഴയാണ്. വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ ഹൽദ്വാനിയ്ക്ക് സമീപമുള്ള ഭഖ്ര അരുവിയിൽ ഒരാളെ കാണാതായിരുന്നു. ഞായറാഴ്ച ഭുജിയാഗട്ടിന് സമീപമുള്ള അരുവിയിൽ രണ്ട് പേർ മുങ്ങിമരിച്ചിരുന്നു.
