ജയ്പൂർ: ചുമ മരുന്ന് കഴിച്ച് രാജസ്ഥാനിലെ ജയ്പ്പൂരിൽ ഒരു കുട്ടികൂടി മരിച്ചതായി റിപ്പോർട്ട്. ജയ്പൂരിലെ സർക്കാർ ഉടമസ്ഥതയിലുള്ള ജെ കെ ലോൺ ആശുപത്രിയിൽ ബ്രയിൻ ഫീവർ ബാധിച്ച് ചികിത്സയിലായിരുന്ന ആറു വയസുകാരനായ ആൺകുട്ടിയാണ് മരണപ്പെട്ടത്. കുട്ടിയ്ക്ക് ചുമയ്ക്കുള്ള സിറപ്പ് നൽകിയതായി മാതാപിതാക്കൾ പറഞ്ഞു.

നേരത്തെ ചുരുവിലെ ആശുപത്രിയിൽ മൂന്ന് ദിവസം കുട്ടിയെ പ്രവേശിപ്പിച്ചിരിന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പ് വീട്ടിൽ വെച്ച് ചുമയ്ക്കുള്ള സിറപ്പ് നൽകിയതായി മാതാപിതാക്കൾ പറഞ്ഞതായി ഉദ്യോഗസ്ഥൻ അറിയിച്ചു. ചുമ മരുന്ന് കഴിച്ച് മധ്യപ്രദേശിൽ ഒമ്പത് കുട്ടികളും രാജസ്ഥാനിൽ രണ്ട് കുട്ടികളും മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം.
അതേസമയം, കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്. 13 ബാച്ചില്‍ പ്രശ്നം കണ്ടെത്തിയെന്ന മറ്റു സംസ്ഥാനങ്ങളിലെ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേരളത്തിലും സിറപ്പിന് നിരോധനം ഏർപ്പെടുത്തി. കോള്‍ഡ്രിഫ് സിറപ്പിന്റെ വില്പന സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ ബാച്ച് മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ലെന്നാണ് ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാക്കിയിരിക്കുന്നത്.

കേരളത്തില്‍ 8 വിതരണക്കാര്‍ വഴിയാണ് ഈ മരുന്നിന്റെ വില്‍പ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വില്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുള്ള കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

