ചെന്നൈ:മൃഗശാലയിലെ സിംഹത്തെ കാണാനില്ലെന്ന് പരാതി. തമിഴ്നാട് ചെങ്കൽപെട്ട് വണ്ടല്ലൂർ മൃഗശാലയിലെ സിംഹത്തെയാണ് കാണാതായത്. അഞ്ച് വയസ്സുള്ള ആൺ സിംഹം ഷേർയാറിനെയാണ് കാണാതായത്. 50 ഏക്കറിലെ സഫാരി മേഖലയിൽ തുറന്നുവിട്ടതിന് പിന്നാലെയാണ് സിംഹത്തെ കാണാതായതെന്ന് അധികൃതർ പറയുന്നു.

സിംഹത്തെ കണ്ടെത്താനായി ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു. അഞ്ച് സംഘങ്ങളായി പ്രത്യേക പരിശോധന തുടങ്ങിയിട്ടുണ്ട്.
സഫാരി സോണിൽ സന്ദർശകർക്ക് നിരോധനമേർപ്പെടുത്തി.തെർമൽ ഇമേജിങ് ഡ്രോണും ക്യാമറകളും സ്ഥാപിച്ചാണ് പരിശോധന നടത്തുന്നത്. മയിലുകളും മുയലുകളും ആണ് സഫാരി സോണിൽ കൂടുതലായി ഉള്ളത്.

ബംഗലൂരുവിൽ നിന്ന് 2 വർഷം മുൻപാണ് സിംഹത്തെ ഇവിടെ എത്തിച്ചത്. നടൻ ശിവകാർത്തികേയൻ ദത്തെടുത്ത സിംഹം ആണിത്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മൃഗശാല ഡയറക്ടർ റിറ്റോ സിറിയക് പറഞ്ഞു. ഉയരത്തിലുള്ള ചുറ്റുമതിലും മുള്ളുവേലികളും ഉണ്ടെന്നും അധികൃതർ പറയുന്നു.

