പുട്ട് ഉണ്ടാക്കുന്നതിനിടെ കുക്കര്‍ പൊട്ടിത്തെറിച്ച് പാത്രവും ഗ്യാസ് സ്റ്റൗവും തകര്‍ന്നു. അതേസമയം ആര്‍ക്കും അപകടമൊന്നും പറ്റിയില്ല. ബോംബ് പൊട്ടുന്നത് പോലെ വലിയ ഒച്ചത്തിലുള്ള ശബ്ദമാണ് കേട്ടതെന്ന് സമൂഹമാദ്ധ്യത്തില്‍ പങ്കുവെച്ച വീഡിയോയില്‍ യുവതി പറയുന്നു. പൂര്‍ണിമ വാട്സണ് എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പുട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ കുക്കറും പാത്രവും സ്റ്റൗവും എല്ലാം തകര്‍ന്നതിനെക്കുറിച്ച് വീഡിയോയില്‍ യുവതി വിശദീകരിക്കുന്നുണ്ട്. പൊട്ടിത്തെറിയില്‍ ഗ്യാസ് അടുപ്പിന്റെ ഗ്ലാസ് കോട്ടിംഗ് പൂര്‍ണമായും തകര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചിട്ടുണ്ട്.

അടുക്കളയില്‍ സംഭവിച്ചതിനെക്കുറിച്ച് പൂര്‍ണിമ പറയുന്നത്

‘ഇത് കണ്ടിട്ട് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നതെന്ന് എനിക്കറിയില്ല. ഇന്ന് നടന്ന ഒരു സംഭവമാണ് പറയുന്നത്. കുക്കറും പുട്ടും ചില്ലുമെല്ലാം ഇങ്ങനെ ആകാശത്തേക്ക് പറന്ന ഒരു സംഭവമായിരുന്നു. കുക്കറ് പൊട്ടിത്തെറിച്ചതാണ്. കുക്കറില്‍ വെള്ളം തിളപ്പിച്ച് സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ പുട്ട് ഉണ്ടാക്കുകയായിരുന്നു ചെയ്തത്. പ്രഷര്‍ താങ്ങാന്‍ കഴിയാത്തതു കൊണ്ടാകാം, ഇത് എങ്ങനെ സംഭവിച്ചു എന്നെനിക്ക് അറിയില്ല’. – പൂര്‍ണിമ പറയുന്നു. സാധാരണ പോലെ കുക്കറില്‍ വെള്ളം ഒഴിച്ച് വെള്ളം തിളച്ചു വന്നപ്പോള്‍ പാത്രത്തില്‍ പുട്ടുപൊടിയിട്ട് കുക്കറിന് മുകളില്‍ വയ്ക്കുകയായിരുന്നു ചെയ്തത്. എന്നാല്‍, ഒന്ന് തിരിഞ്ഞപ്പോഴേക്കും കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നും അവര്‍ പറയുന്നു.

കുക്കര്‍ ഉപയോഗിക്കുന്നതിന് പകരം സാധാരണ പുട്ടുക്കുറ്റി ഉപയോഗിക്കുന്നതാണ് അപകടമുണ്ടാകാതിരിക്കാന്‍ നല്ലത്, കാലപ്പഴക്കം ഒരുപാടുള്ള കുക്കറുകള്‍ ഉപയോഗിക്കരുത്, പ്രഷര്‍ താങ്ങാവുന്ന സ്ഥിതിയിലാണെന്ന് ഉറപ്പുവരുത്തണം തുടങ്ങിയ കമന്റുകളാണ് പൂര്‍ണിമ പങ്കുവെച്ച വീഡിയോക്ക് ലഭിക്കുന്നത്.
