മുംബൈ: ആപ്പിൽ നിന്ന് 2700 രൂപയുടെ ലോൺ എടുത്തയാളിന് ഭീഷണി കാരണം തിരിച്ചടയ്ക്കേണ്ടി വന്നത് 9,900 രൂപ. തന്റെയും മകളുടെയും നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്ക് ഉൾപ്പെടെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയാണ് എടുത്ത ലോൺ തുകയേക്കാൾ മൂന്നിരട്ടിയിലധികം രൂപ തിരിച്ചടയ്ക്കേണ്ടി വന്നത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി.
ഗുജറാത്തിലെ ബാന്ദ്ര പൊലീസാണ് മൂന്ന് പേരെ പിടികൂടിയത്. ഇവരിൽ ഒരാൾ കോളേജ് വിദ്യാർത്ഥിയാണ്. തട്ടിപ്പിലൂടെ ലോൺ ആപ്പുകാർ വാങ്ങുന്ന പണം നിക്ഷേപിക്കാനായി പതിനഞ്ചോളം ബാങ്ക് അക്കൗണ്ടുകൾ തുറന്നവരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇവർക്ക് ഓരോ ഇടപാടിനും കമ്മീഷൻ ലഭിച്ചിരുന്നു. രണ്ട് മൊബൈൽ ഫോണുകളും മൂന്ന് സിം കാർഡുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇവരുടെ പേരിലുള്ള അക്കൗണ്ടിലേക്ക് രാജ്യത്തിന്റെ പലയിടങ്ങളിൽ നിന്നും പണം വന്നിരുന്നുവെന്നും കണ്ടെത്തി.
ബാന്ദ്ര സ്വദേശിയായ വി.എൻ വില്ലിസാണ് പരാതിയുമായി അധികൃതരെ സമീപിച്ചത്. ലോൺ ആപ്പിൽ നിന്ന് 2700 രൂപ വായ്പയെടുത്തിരുന്നു. പിന്നീട് ഒക്ടോബർ 30ന് അദ്ദേഹത്തിന്റെയും മകളുടെയും മോർഫ് ചെയ്ത നഗ്ന ഫോട്ടോകൾ ഭാര്യയുടെയും ഒരു ബന്ധുവിന്റെയും നമ്പറിലേക്ക് അയച്ചുകൊടുത്തു. ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ ഇവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഭീഷണി. പല നമ്പറുകളിൽ നിന്ന് പിന്നീട് ഭീഷണി സന്ദേശങ്ങളെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ആദ്യം 5014 രൂപ അടയ്ക്കാനായിരുന്നു ആവശ്യം. എന്നാൽ താൻ 2700 രൂപ അടച്ചുകഴിഞ്ഞതായി വില്ലിസ് അറിയിച്ചെങ്കിലും 5014 രൂപ അടച്ച് അക്കൗണ്ട് ക്ലോസ് ചെയ്യണമെന്നും അല്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ അയക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ പണവും അടച്ചു കഴിഞ്ഞതോടെ പിന്നീട് 4500 രൂപ കൂടി അടയ്ക്കണമെന്ന് പറഞ്ഞ് വീണ്ടും ഭീഷണി കോളെത്തി. കോൾ കട്ട് ചെയ്തപ്പോൾ മകളുടെ നഗ്ന ചിത്രം മോർഫ് ചെയ്ത് ഒരു ബന്ധുവിന് അയച്ചുകൊടുത്തു. ഒടുവിൽ ആകെ 9,900 രൂപയാണ് അടയ്ക്കേണ്ടി വന്നത്.
പരാതി ലഭിച്ചതിന് പിന്നാലെ ഡിസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വില്ലിസിൽ നിന്ന് വാങ്ങിയ പണം ഏത് ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്നായിരുന്നു പ്രധാനമായും അന്വേഷിച്ചത്. അങ്ങനെയാണ് അക്കൗണ്ട് ഉടമകളിലേക്ക് പൊലീസ് എത്തിയത്. തട്ടിപ്പുകാർക്ക് ഉപയോഗിക്കാനായി പതിനഞ്ചോളം ബാങ്ക് അക്കൗണ്ടുകൾ എടുത്തുകൊടുത്ത യുവാക്കളാണ് പിടിയിലായത്. ഇവർക്ക് കമ്മീഷൻ നൽകിയിരുന്നു.