മൊകോക് ചുംഗ് (നാഗലാൻഡ്): ഗൂഗിൾ മാപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ജീപ്പോടിച്ച് ഒറ്റപ്പെട്ട സ്ഥലത്തെത്തിയ പൊലീസുകാരെ നാട്ടുകാർ അടിച്ചവശരാക്കി. നാഗാലാൻഡിലെ മൊകോക് ചുംഗ് ജില്ലയിലായിരുന്നു സംഭവം. അസം പൊലീസിലെ പതിനാറുപേർക്കാണ് തല്ലുകിട്ടിയത്.
അസമിലെ ഒരു തേയിലത്തോട്ടത്തിൽ പരിശോധനയ്ക്കാണ് പൊലീസ് സംഘം എത്തിയത്. വഴി അറിയാത്തതിനാൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് ഡ്രൈവർ ജീപ്പ് ഓടിച്ചത്. കുറച്ചുസമയം കഴിഞ്ഞപ്പോൾ ഇവർ ഒറ്റപ്പെട്ട സ്ഥലത്തെത്തുകയും ഗ്രാമീണർ അവരെ വളയുകയുമായിരുന്നു. പതിനാറുപേരിൽ മൂന്നുപേർ മാത്രമാണ് യൂണിഫോം ധരിച്ചിരുന്നത്. മറ്റുള്ളവർ സിവിൽ വേഷത്തിലായിരുന്നു. ഇതാണ് കൂടുതൽ സംശയത്തിന് ഇടയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
പൊലീസ് എന്ന വ്യാജേന എത്തിയ അക്രമികളാണ് ജീപ്പിലുണ്ടായിരുന്നത് എന്ന് അവർ ഉറപ്പിച്ചു. ജീപ്പ് വളഞ്ഞ് പൊലീസുകാരെ പുറത്തിറക്കി ക്രൂരമായി തല്ലുകയും ചെയ്തു. തങ്ങൾ പൊലീസുകാരാണെന്ന് പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്ന് പൊലീസുകാർ പറയുന്നു. അടിയേറ്റ് ഒരു പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്ന ചിലർ അസം പൊലീസിനെ വിവരമറിയിക്കുകയും അവർ നാഗാലാൻഡ് പൊലീസിനെ ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തു. നാഗാലാൻഡ് പൊലീസ് എത്തിയാണ് പതിനാറുപേരെയും മോചിപ്പിച്ചത്.
മോചിപ്പിക്കാൻ പൊലീസ് എത്തിയപ്പോഴാണ് തങ്ങൾ തടഞ്ഞുവച്ചിരിക്കുന്നവർ യഥാർത്ഥ പൊലീസുകാരാണെന്ന് ഗ്രാമവാസികൾക്ക് മനസിലായത്. തുടർന്ന് അവരെ മോചിപ്പിക്കുകയായിരുന്നു. പൊലീസുകാരെ മർദ്ദിച്ചതിന് നാട്ടുകാർക്കെതിരെ കേസെടുക്കുമോ എന്ന് വ്യക്തമല്ല. പൊലീസുകാർ പരാതി നൽകിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.