തിരുവനന്തപുരം ∙ ലയണൽ മെസ്സിയെയും സംഘത്തെയും കേരളത്തിൽ കളിപ്പിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ചർച്ച നടത്താനെന്ന പേരിൽ സ്പെയിനിലെത്തിയ മന്ത്രി വി.അബ്ദുറഹിമാനും ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തിയത് ഏജന്റുമാരുമായെന്ന് സൂചന. കൂടിക്കാഴ്ചയ്ക്കു ശേഷം ഇവർ അർജന്റീനയുടെ ഔദ്യോഗിക മാച്ച് ഏജന്റ് തന്നെയാണോയെന്ന് ദേശീയ ഫുട്ബോൾ ഫെഡറേഷൻ വഴി അന്വേഷണം നടത്തിയിരുന്നതായും വിവരമുണ്ട്.

ഔദ്യോഗിക ഏജന്റ് ആണെന്നു സ്ഥിരീകരിച്ച ശേഷമായിരുന്നു സാമ്പത്തിക ഇടപാട് അടക്കമുളള കാര്യങ്ങളുമായി മുന്നോട്ടു പോയത്. കഴിഞ്ഞ ലോകകപ്പിനു പിന്നാലെ ഏറെ ആരാധക പിന്തുണ ലഭിച്ച ഇന്ത്യയിൽ കളിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) താൽപര്യം പ്രകടിപ്പിച്ചിരുന്നു. അനൗദ്യോഗികമായി ഇക്കാര്യം ഇന്ത്യൻ ഫെഡറേഷനെ അറിയിച്ചു.
ഇവിടെയൊരു സ്പോൺസറെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഭാരിച്ച സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കഴിയുന്ന സ്പോൺസറെ കിട്ടാതായതോടെ ശ്രമം പരാജയപ്പെട്ടു. ഈ വാർത്ത പുറത്തു വന്നതോടെയാണ് അർജന്റീനയെ കേരളത്തിൽ കളിപ്പിക്കുമെന്ന, ഏറെ കയ്യടി കിട്ടിയ പ്രഖ്യാപനവുമായി കായികമന്ത്രി വി.അബ്ദു റഹിമാൻ രംഗത്തെത്തിയത്.എന്നാൽ ദേശീയ ഫുട്ബോൾ ഫെഡറേഷൻ വഴി ഇതിനു ശ്രമിക്കുന്നതിനു പകരം സ്വകാര്യ ഏജൻസി വഴിയായിരുന്നു സർക്കാരിന്റെ നീക്കം. കേരളത്തിൽ കളിക്കാൻ വരാനായുള്ള ഫീസ് അവർ അറിയിച്ചതിനു പിന്നാലെയായിരുന്നു എഎഫ്എയുമായി ബന്ധപ്പെട്ട് ഈ തുക കുറയ്ക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ദേശീയ ഫുട്ബോൾ ഫെഡറേഷനെ സമീപിച്ചത്. ഫീസ് നിശ്ചയിച്ചു കഴിഞ്ഞതിനാൽ കൂടുതൽ ഇടപെടൽ സാധ്യമല്ലെന്ന നിലപാടാണ് ഫെഡറേഷൻ സ്വീകരിച്ചത്.
ഫെഡറേഷനെ ഒഴിവാക്കി സംസ്ഥാന സർക്കാർ ടീമിന്റെ ഏജൻസി വഴി മത്സരത്തിനായി ശ്രമിച്ചതോടെയാണ് വലിയ തുക ഫീസായി നിശ്ചയിച്ചത്. ഈ രീതിയിലാകുമ്പോൾ ഇടനിലക്കാരുടെ കമ്മിഷൻ ഉൾപ്പെടെയാണ് ഫീസ് ഉറപ്പിക്കുക. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ വഴി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നേരിട്ടായിരുന്നു ഇടപാടെങ്കിൽ മാച്ച് ഫീസ് ഗണ്യമായി കുറയ്ക്കാനാകുമായിരുന്നുവെന്ന് ഈ രംഗത്തുള്ളവർ അഭിപ്രായപ്പെടുന്നു.
അർജന്റീനയുടെ 2 മത്സരങ്ങൾക്കായി 130 കോടി രൂപ ഫീസായി അടച്ചുവെന്നാണ് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പറയുന്നത്. ഇതുമായി ബന്ധപ്പെട്ടു നടന്ന ഇടപാടുകളോ കരാർ വിവരങ്ങളോ പരസ്യമാക്കാൻ ഇനിയും സർക്കാർ തയാറായിട്ടില്ല. എഎഫ്എയുമായി ചർച്ചയ്ക്കെന്ന പേരിൽ കായിക മന്ത്രിയും 2 ഉന്നത ഉദ്യോഗസ്ഥരും സ്പെയിനിൽ പോയതിന് 13 ലക്ഷത്തിലേറെ രൂപയാണ് സർക്കാർ ഖജനാവിൽ നിന്നു ചെലവാക്കിയത്.

English Summary:
Minister’s Messi Mission: Agents, Commission, and Federation Sidelined

TAGS
Sports
Football
Lionel Messi
Argentina Football Team
V Abdurahiman
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
