ചെന്നൈ: കരൂരിൽ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ, സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) സുപ്രീം കോടതിയിൽ. ദുരന്തം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്ഐടി) രൂപീകരിച്ച മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശത്തിനെതിരെയാണ് ടിവികെ സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീം കോടതി മുൻ ജഡ്ജിയുടെ അധ്യക്ഷതയിൽ വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകരായ ദീക്ഷിത ഗോഹിൽ, പ്രഞ്ജൽ അഗർവാൾ, യാഷ് എസ്. വിജയ് എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചത്. ഹർജി അടിയന്തരമായി ലിസ്റ്റു ചെയ്യണമെന്നും ടിവികെ അഭിഭാഷകർ ആവശ്യപ്പെട്ടു.
അതേസമയം, സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ ദുരന്തത്തിൽ കൊല്ലപ്പെട്ട ഇരയുടെ പിതാവ് സമർപ്പിച്ച മറ്റൊരു ഹർജി വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. ദുരന്തത്തിൽ വിജയ്ക്കും ടിവികെ പാർട്ടിക്കുമെതിരെ രൂക്ഷ വിമർശനമായിരുന്നു മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയത്.

കരൂരിലുണ്ടായത് മനുഷ്യനിർമിത ദുരന്തമാണെന്നും അപകടവുമായി ബന്ധപ്പെട്ട വീഡിയോകൾ കണ്ടപ്പോൾ ഹൃദയം തകർന്നുവെന്നും മദ്രാസ് ഹൈക്കോടതി ജഡ്ജി സെന്തിൽ കുമാർ പറഞ്ഞു. ടിവികെ നേതാവ് വിജയ്ക്ക് നേതൃത്വഗുണങ്ങളില്ലെന്നും അപകടം ഉണ്ടായപ്പോൾ സംഘാടകരും നേതാവും പ്രവർത്തകരെ ഉപേക്ഷിച്ച് സ്ഥലംവിട്ടെന്നും കോടതി കുറ്റപ്പെടുത്തി.

ടിവികെ ഖേദം പ്രകടിപ്പിച്ചതുപോലുമില്ലെന്നും ഇത് പാർട്ടി നേതാവിന്റെ മനോനിലയാണ് വ്യക്തമാക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. ദുരന്തത്തിൽ കോടതിക്ക് കണ്ണടയ്ക്കാൻ കഴിയില്ല. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. സർക്കാരിന് ഒരിക്കലും വിഷയത്തിൽ മൗനം പാലിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഉത്തരമേഖലാ ഐജി അസ്ര ഗാർഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയായിരുന്നു അന്വേഷണത്തിന് നിയോഗിച്ചത്.
