ദില്ലി: ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 79 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് വൻ വിലക്കിഴിവിൽ ടിക്കറ്റുകളുടെ വിൽപ്പന പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഫ്രീഡം സെയിൽ എന്ന പേരിൽ അരക്കോടി സീറ്റുകൾ ആണ് വിൽപ്പനക്ക് വെച്ചിരിക്കുന്നത്. ആഭ്യന്തര യാത്രകൾക്ക് 1279 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾക്ക് 4279 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്.

ടിക്കറ്റുകൾ മൊബൈൽ ആപ്പിലടക്കം എല്ലാ ബുക്കിംഗ് പ്ലാറ്റ്ഫോമിലും ഓഗസ്റ്റ് 15 വരെ ലഭ്യമാകും. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് ആഗസ്ത് 19 മുതൽ അടുത്ത വർഷം മാർച്ച് 31 വരെ യാത്ര ചെയ്യാം.എയർ ഇന്ത്യ എക്സ്പ്രസിൻ്റെ അറിയിപ്പ് ഇപ്രകാരം.ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 79 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്സ്, ആഭ്യന്തര സർവീസുകളൾക്ക് 1279 രൂപ മുതലും അന്താരാഷ്ട്ര സർവീസുകളൾക്ക് 4279 രൂപ മുതലും തുടങ്ങുന്ന നിരക്കുകളുമായി ഫ്രീഡം സെയിൽ അവതരിപ്പിച്ചു.
തങ്ങളുടെ വിപുലമായ ആഭ്യന്തര, അന്തർദേശീയ സർവീസ് ശൃംഖലയിലെമ്പാടുമായി 50 ലക്ഷം സീറ്റുകളാണ് ഫ്രീഡം സെയിലൂടെ ലഭ്യമാക്കുന്നത്. ഓഗസ്റ്റ് 10 ന് www.airindiaexpress.com ലും എയർ ഇന്ത്യ എക്സ്പ്രസ് മൊബൈൽ ആപ്പിലും ഫ്രീഡം സെയിൽ ആരംഭിച്ചു. ഓഗസ്റ്റ് 11 മുതൽ എല്ലാ പ്രധാന ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റുകളിലും ഇത് ലഭ്യമാകും. 2025 ഓഗസ്റ്റ് 19 മുതൽ 2026 മാർച്ച് 31 വരെയുള്ള യാത്രകൾക്ക് 2025 ഓഗസ്റ്റ് 15 വരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണം, ദുർഗ്ഗാ പൂജ, ദീപാവലി, ക്രിസ്മസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും സജീവമായ ഉത്സവ സീസണിലേക്കായാണ് എയർ ഇന്ത്യ എക്സ്പ്രസ് ഫ്രീഡം സെയിൽ അവതരിപ്പിക്കുന്നത്.യാത്രക്കാരുടെ താത്പ്പര്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നിരക്കുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്നത്.

ചെക്ക്-ഇൻ ബാഗേജ് ഇല്ലാതെ കാബിൻ ബാഗേജ് മാത്രമായി യാത്രചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ, എക്സ്പ്രസ് ലൈറ്റ് വെബ്സൈറ്റിൽ ബുക്ക് ചെയ്യാം. സൗജന്യ ചെക്ക്-ഇൻ ബാഗേജ് അലവൻസുകൾ ഉൾപ്പെടുന്ന എക്സ്പ്രസ് വാല്യു നിരക്കുകൾ ആഭ്യന്തര സർവീസുകൾക്ക് 1379 രൂപ മുതലും അന്താരാഷ്ട്ര സർവീസുകൾക്ക് 4479 രൂപ മുതലുമാണ് ആരംഭിക്കുന്നത്. സുഖപ്രദമായ സീറ്റുകൾ, ചൂടുള്ള ഭക്ഷണം, ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത യാത്രാ നിരക്കുകൾ എന്നിവയിലൂടെ, എയർലൈൻ മികച്ച മൂല്യവും ഇന്ത്യൻ ഊഷ്മളത നിറഞ്ഞ യാത്രാനുഭവവുമാണ് ലഭ്യമാക്കുന്നത്.

