തൃശൂര്‍: ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കി വനിത പൊലീസ്. ചികിത്സയ്ക്കിടെ മരിച്ച ഒരു സ്ത്രീയുടെ മൃതദേഹം പണം ഇല്ലാത്തത് കാരണം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാതിരുന്നപ്പോള്‍ കൈയില്‍ കിടന്ന സ്വര്‍ണ വള ഊരി പണയം വയ്ക്കാന്‍ കൊടുത്ത പൊലീസുകാരിയെ മറക്കാനാകുമോ? അതുപോലെ തന്നെ കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നതിനായി മുടി മുറിച്ച് നല്‍കിയും ഈ പൊലീസുകാരി ശ്രദ്ധ നേടിയിട്ടുണ്ട്. തൃശൂര്‍ സിറ്റി വനിതാ സ്റ്റേഷനിലെ എഎസ് ഐ അപര്‍ണ ലവകുമാറിനെ കുറിച്ചാണ് പറയുന്നത്.

കാക്കിക്കുള്ളില്‍ കരുണയുള്ള ഹൃദയം ഉണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ വനിതാ പൊലീസ്. ഗതാഗതക്കുരുക്കിനിടെ അത്യാസന്ന നിലയില്‍ രോഗിയുമായി വന്ന ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കുന്ന അപര്‍ണയുടെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. തൃശൂര്‍ നഗരത്തിലെ അശ്വിനി ജംഗ്ഷനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളജില്‍ നിന്ന് തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സാണ് ഗതാഗതക്കുരുക്കില്‍പ്പെട്ടത്.
ആംബുലന്‍സിന് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ഇത് ഡ്യൂട്ടിയിലുണ്ടായിരുന്ന അപര്‍ണ്ണയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ സ്ഥലത്തേക്ക് ഓടിയെത്തുകയുമായിരുന്നു. ഏറെ പരിശ്രമകരമായ ഉദ്യമത്തിലൂടെ ആംബുലന്‍സിന് വഴിയൊരുക്കികൊടുക്കുകയും ചെയ്തു. ഏറെ ദൂരം ഓടി മറ്റു വാഹനങ്ങളെ റോഡിന്റെ വശങ്ങളിലേക്ക് ഒതുക്കുകയും ആംബുലന്‍സിന് സുഗമമായി പോകാന്‍ വഴിയൊരുക്കുകയും ചെയ്ത ശേഷമാണ് തന്റെ പരിശ്രമം അപര്‍ണ അവസാനിപ്പിച്ചത്.

മെഡി ഹബ് ഹെല്‍ത്ത് കെയറിന്റെ ആബുലന്‍സില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ ഫൈസലിനൊപ്പമുണ്ടായിരുന്ന ഇര്ഫാന് ഈ ദൃശ്യം പകര്‍ത്തി സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു. തൃശൂര്‍ സിറ്റി പൊലീസും വിഡിയോ പങ്കുവച്ചിട്ടുണ്ട്.

