പത്തനംതിട്ട: ശബരിമലയിൽനിന്ന് മോഷണം പോയ സ്വർണത്തിന്റെ അളവിൽ സംശയം രേഖപ്പെടുത്തി വിജിലൻസ്. സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനമാണ് സ്വർണം ഉരുക്കി കിട്ടിയത് 989 ഗ്രാം ആണെന്ന കണക്ക് നൽകിയത്. എന്നാൽ, ഇതിൽ കൂടുതൽ സ്വർണം ഉണ്ടായിരുന്നതായാണ് റിപ്പോർട്ടും മൊഴികളും അനുസരിച്ച് വിജിലൻസ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് വിജിലൻസ് ശ്രമം. കൂടുതൽ അന്വേഷണങ്ങൾക്കും പരിശോധനകൾക്കുമായി പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

ശബരിമല സ്വർണപാളി വിവാദത്തിൽ, ദേവസ്വം വിജിലന്‍സ് ഹാജരാക്കിയ രേഖകളും മൊഴികളും പരിശോധിച്ച് എത്ര അളവ് സ്വര്‍ണം മോഷണം പോയെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ദ്വാരപാകലക ശില്പത്തിനു പുറമേ വാതില്‍പ്പാളിയിലും സ്വര്‍ണം പൂശിയതില്‍ ക്രമക്കേട് നടന്നെന്ന് കോടതി കണ്ടെത്തി.
ഹൈക്കോടതി ഉത്തരവിൻ്റെ പകർപ്പ് പുറത്തുവന്നു. 14 ഇനങ്ങളില്‍ നിന്ന് 989 ഗ്രാം സ്വർണം വേര്‍തിരിച്ചു. ഇതില്‍ പൂശാന്‍ ഉപയോഗിച്ചത് 404.8 ഗ്രാം സ്വര്‍ണം മാത്രമാണ്. പൂശിയതിൻ്റെ പ്രതിഫലമായി 109.243 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസിന് കൈമാറി. ഇതിനെല്ലാം പുറമെ 474.9 ഗ്രാം സ്വര്‍ണം ബാക്കി വന്നു. മിച്ചം വന്ന ഈ സ്വർണം അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചിരുന്നു. എന്നാൽ, ഈ സ്വര്‍ണം ദേവസ്വം ബോര്‍ഡിനെ തിരികെ ഏല്പിച്ചതായി കാണുന്നില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

അതിനിടെ, ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി.ശങ്കരൻ പമ്പയിൽ എത്തി. അദ്ദേഹം സന്നിധാനത്ത് എത്തി സ്ട്രോങ്ങ് റൂമിൽ പരിശോധന നടത്തും. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികൾ നാളെ പരിശോധിക്കും. തിങ്കളാഴ്ച ആറന്മുളയെത്തി ശബരിമലയിലെ പ്രധാന സ്ട്രോങ് റൂം പരിശോധിക്കും.

