കൃത്യമായി ജോലി ചെയ്യാന്‍ കഴിവുള്ളവരെ വെറുതേ ഇരുത്തിയിട്ട് അവര്‍ക്ക് പെന്ഷന് എന്ന പേരില്‍ ചെലവിന് കൊടുക്കുന്ന രീതിയാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. ജീവിതകാലം മുഴുവന്‍ ഒരാളെ സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതിനെതിനെ യുവജനസംഘടനകളാണ് ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നതെന്നും അടൂര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് ബിഎസ്എസിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരമിച്ച ശേഷമുള്ള കാലമത്രയും പൊതുഖജനാവില്‍നിന്ന് അവര്‍ക്ക് പെന്ഷന് കൊടുക്കുന്നു. പ്രൊഡക്ടീവ് അല്ലാത്ത ചെലവ്. കൃത്യമായി പലതും ചെയ്യാന്‍ കഴിവുള്ള ആളുകളെ വെറുതെ ഇരുത്തിയിട്ട് അവര്‍ക്ക് ചെലവിന് കൊടുക്കുന്നു എന്ന സിസ്റ്റമാണ് നിലവിലിരിക്കുന്നത്. അതിന് കാരണം പറയുന്നത് യുവാക്കള്‍ക്ക് ജോലി കിട്ടാന്‍ ആണെന്നാണ്. നിശ്ചിത എണ്ണം ജോലികളേയുള്ളൂ. ഒരാളെ പുറത്തേക്ക് എടുത്തിട്ട് വേണം അകത്തേക്ക് ഒരാളെ കൊണ്ടുവരാന്‍. ഇത് വളരേ വളരേ തെറ്റായ പ്രവണതയാണ്. പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതിനെ യുവാക്കളാണ് ഏറ്റവും എതിര്‍ക്കുന്നത്. യുവാക്കള്‍ എന്ന് പറയുന്നത് ശരിയല്ല, സംഘടനകളാണ്. ഞാനിത് പറഞ്ഞാല്‍ യുവജനസംഘടനകള്‍ എല്ലാം നാളെ എനിക്കെതിരായി പ്രതിരോധം തുടങ്ങും. എന്റെ വീടിന് മുന്നില്‍ കോലം കത്തിക്കും. ഇതൊക്കെ സംഭവിക്കാവുന്നതാണ്. എങ്കിലും, ഉള്ളതുപറഞ്ഞേ മതിയാവൂ’, അടൂര്‍ പറഞ്ഞു.
എനിക്ക് വയസ്സ് 86 ആയി. 86 വയസ്സുള്ള ഒരാളാണ് പറയുന്നത്. എന്റെ അനുഭവത്തില്‍നിന്ന് പറയുകയാണ്. ജീവിതകാലം മുഴുവന്‍ ഒരാളെ സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അതിനുള്ള പ്രതിഫലം കൊടുക്കുകയും വേണം.

റിട്ടയര്‍മെന്റ് ആവശ്യമുള്ളവര്‍ക്ക് ഏതുസമയത്തും കൊടുക്കാം. 86 വയസ്സുള്ള ഞാന്‍ ഇപ്പോഴും കുറഞ്ഞത് 12 മണിക്കൂറെങ്കിലും ദിവസവും ജോലി ചെയ്യുന്നുണ്ട്. പ്രൊഡക്ടീവായ ജോലി തന്നെയാണ് ചെയ്യുന്നത്. പ്രായം നമുക്കൊരു പ്രശ്നമല്ല, മനസാണ് പ്രശ്നം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

