കൊച്ചി: മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്.

പന്ത്രണ്ടരയോടെ വീട്ടിലെത്തിയ സുരേഷ് ഗോപി 15 മിനിറ്റോളം വീട്ടില്‍ ചെലവഴിച്ചു.
സിസ്റ്റര്‍ പ്രീതി മേരിയുടെ അമ്മ മേരി, അച്ഛന് വര്‍ക്കി, സഹോദരന് ബൈജു എന്നിവരുമായി സുരേഷ് ഗോപി സംസാരിച്ചു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തിയിരുന്നുവെന്ന് സുരേഷ് ഗോപി അറിയിച്ചതായി സിസ്റ്ററുടെ സഹോദരന് ബൈജു പ്രതികരിച്ചു.
കേസിന്റെ എഫ്ഐആര്‍ റദ്ദാക്കാന്‍ ഇടപെടണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ഛത്തീസ്ഗഡ് സര്‍ക്കാരുമായി സംസാരിക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞതായും ബൈജു പറഞ്ഞു. എന്നാല്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് അവിടെവെച്ചും സുരേഷ് ഗോപി പ്രതികരിച്ചില്ല.

