തിരുവനന്തപുരം: കേരള സർവകലാശാലയിൽ രജിസ്ട്രാറുടെ സസ്പെൻഷൻ വിഷയത്തിൽ തീരുമാനമെടുക്കാൻ ഹൈകോടതി വിധിയുടെ പശ്ചാതലത്തിൽ അടിയന്തിര സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് 16 ഇടത് സിൻഡിക്കേറ്റംഗങ്ങൾ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് കത്ത് നൽകി.

സസ്പെൻഷൻ റദ്ദാക്കണമെന്ന ആവശ്യം തള്ളിയ കോടതി ഇക്കാര്യത്തിൽ സിൻഡിക്കേറ്റ് യോഗം വിളിച്ച് തീരുമാനമെടുക്കാൻ വി.സിക്ക് നിർദേശം നൽകിയിരുന്നു.
ഈ സാഹചര്യത്തിലാണ് കത്ത് നൽകിയത്. സിൻഡിക്കേറ്റ് തീരുമാനമാണ് വി.സിക്ക് ബാധകമെന്ന് ഹൈകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സാഹചര്യത്തിൽ ജാള്യത വെടിഞ്ഞ് എത്രയും വേഗം സിൻഡിക്കേറ്റ് യോഗം വിളിച്ച് സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് വഴിയൊരുക്കുകയാണ് താൽക്കാലിക വി.സി ചെയ്യേണ്ടതെന്ന് സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ ജി. മുരളീധരൻ പറഞ്ഞു.

