തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക സംസ്കാരത്തിന്റെ ഭാഗമായ കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി, പോത്തോട്ടം തുടങ്ങിയ ആഘോഷങ്ങള്‍ സംരക്ഷിക്കുന്നതിനായി ജെല്ലിക്കെട്ട് മോഡല്‍ നിയമ ഭേഗതിക്ക് കേരളം.

കേന്ദ്ര നിയമമായ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുവാനുള്ള ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി, പോത്തോട്ടം തുടങ്ങിയ കാര്‍ഷിക ആഘോഷങ്ങള്‍ 1960 ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി തടഞ്ഞിരുന്നു. എന്നാല്‍, നിരോധനം മറികടക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് നിരവധി കോണുകളില്‍ നിന്നും ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. വിഷയം കണ്‍കറന്റ് ലിസ്റ്റില്‍ പെട്ടതിനാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയാല്‍ രാഷ്ട്രപതിയുടെ അനുമതിക്ക് സമര്‍പ്പിക്കും.

രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാല്‍ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരും. കാര്‍ഷിക ഉത്സവവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിരോധനം നീക്കണമെന്ന ദീര്‍ഘനാളത്തെ കര്‍ഷകരുടെ ആവശ്യത്തിന് ഒരു പരിഹാരം ഉണ്ടാകുവാനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കുകയാണ് ചെയ്യുന്നതെന്നും മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് വ്യക്തമാക്കുന്നു.

