ഡൽഹി: തിങ്കളാഴ്ച ഈജിപ്തിലെ ഷാം-എൽ ഷെയ്ക്കിൽ നടക്കുന്ന ‘സമാധാന ഉച്ചകോടിയിൽ’ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ദൂതനായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങിനെ ഇന്ത്യ അയച്ചേക്കുമെന്ന് വിവരം. സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയും ക്ഷണിച്ചിരുന്നു.

ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷ.
മോദിക്ക് ലഭിച്ച ക്ഷണം പ്രധാനമന്ത്രിയുടെ ഈജിപ്ത് സന്ദർശനത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തിയിരുന്നു. നരേന്ദ്ര മോദി യോഗത്തിൽ പങ്കെടുത്താൽ മോദി-ട്രംപ് കൂടിക്കാഴ്ച ഉണ്ടാകാനും സാധ്യതയുണ്ടായിരുന്നു. എന്നാൽ, ഈ ഘട്ടത്തിൽ ഇന്ത്യ ജാഗ്രത പാലിക്കുന്നതായാണ് സൂചന.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ട്രംപിന്റെയും അബ്ദുൽ ഫത്താഹ് അൽ-സിസിയുടെയും സംയുക്ത അധ്യക്ഷതയിൽ ചേരുന്ന ഉച്ചകോടിയിൽ 20-ലധികം ലോകനേതാക്കൾ പങ്കെടുക്കുമെന്ന് ഈജിപ്ത് പ്രസിഡൻസിയുടെ വക്താവ് അറിയിച്ചു. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് വെടിനിർത്തലിന് ഇസ്രായേലും ഹമാസും സമ്മതിച്ചത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സമാധാന ഉച്ചകോടി പശ്ചിമേഷ്യയിലെ തങ്ങളുടെ സാന്നിധ്യം പ്രകടിപ്പിക്കാനും, പലസ്തീനോടുള്ള സൗഹാർദ്ദം പ്രകടിപ്പിക്കാനും, ഈജിപ്തുമായുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കാനുമുള്ള അവസരമായിരിക്കും.
