കൊല്ലം:കരുനാഗപ്പള്ളിയിലെ വിഭാഗീയതക്കെതിരെ വടിയെടുത്ത് സിപിഎം കൊല്ലം ജില്ലാ സമ്മേളനം. പി.ആർ.വസന്തനടക്കം കരുനാഗപ്പള്ളിയിൽ നിന്നുള്ള നാല് ജില്ലാ
കമ്മിറ്റി അംഗങ്ങളെ പുതിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. നേതാവാണ് എല്ലാത്തിന്റെ അവസാന വാക്കെന്ന് ധരിക്കരുതെന്നായിരുന്നു സമാപന സമ്മേളനത്തിലെ എം.വി ഗോവിന്ദന്റെ മുന്നറിയിപ്പ്. എസ്.സുദേവനെ രണ്ടാമതും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
പാർട്ടിയെ ഒന്നാകെ നാണംകെടുത്തിയ കരുനാഗപ്പള്ളിയിലെ തമ്മിലടിയിൽ രൂക്ഷ വിമർശനമാണ് സിപിഎം ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. പ്രശ്നം പരിഹരിക്കുന്നതിൽ ജില്ലാ നേതൃത്വം പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തലുണ്ടായി. കരുനാഗപ്പള്ളിയിൽ നിന്ന് ഒരാളെ പോലും പുതിയ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താതെയാണ് വിഭാഗീയതയ്ക്ക് ജില്ലാ സമ്മേളനം മറുപടി കൊടുത്തത്.
ജില്ലാ കമ്മിറ്റി അംഗം പി.ആർ വസന്തനും സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടിയും തമ്മിലുള്ള ചേരിപ്പോരാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നായിരുന്നു വിമർശനം. കരുനാഗപ്പള്ളിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളായ പിആർ വസന്തൻ, പി.കെ ബാലചന്ദ്രൻ, സി.രാധാമണി, ബി. ഗോപൻ എന്നീ നാല് നേതാക്കളെയും പുതിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
നേതാവാണ് എല്ലാത്തിന്റെ അവസാന വാക്കെന്ന് ധരിക്കരുതെന്നും ജനങ്ങളാണ് അവസാന വാക്കെന്നും തെറ്റായ ഒരു പ്രവണതയും പാർട്ടി വെച്ചുപൊറുപ്പിക്കില്ലെന്നും എംവി ഗോവിന്ദൻ സമാപന സമ്മേളനത്തിൽ പറഞ്ഞു.കൊട്ടിയം ധവളക്കുഴിയിൽ മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനം എസ്.സുദേവനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കരുനാഗപ്പള്ളി വിഷയത്തിൽ അടക്കം നേതൃത്വത്തിന് എതിരെ വിമർശനം ഉയർന്നെങ്കിലും സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന ജില്ലയിൽ സെക്രട്ടറിയെ മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
പാർട്ടിയെകൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്ന് എസ്.സുദേവൻ പറഞ്ഞു.46 അംഗ ജില്ലാ കമ്മിറ്റിയിൽ 4 പുതുമുഖങ്ങൾ ഉൾപ്പടെ 44 പേരെയാണ് തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം, കൊട്ടാരക്കര മുൻ എംഎൽഎ അയിഷ പോറ്റി എന്നിവർ അടക്കം 9 പേരെ ഒഴിവാക്കി. 2 ഒഴിവിലേക്ക് പിന്നീട് അംഗങ്ങളെ നിശ്ചയിക്കും.