കൊച്ചി: ലഹരിക്കെതിരായ ബോധവത്കരണ പരിപാടികളുമായി കോൺഗ്രസ്. സ്വാതന്ത്ര്യ ദിനത്തിൽ എറണാകുളത്തെ മുഴുവൻ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകളിലും മനുഷ്യ മതിൽ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.

മനുഷ്യ മതിലിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിനിന്റ കൊച്ചി കോർപ്പറേഷൻ തല ഉദ്ഘാടനം 67 ആം ഡിവിഷനിൽ മുഹമ്മദ് ഷിയാസ് നിർവഹിച്ചു. മനുഷ്യമതിലിൽ സിഗ്നേച്ചർ പതിപ്പിച്ച ബാനറുകൾ പ്രദർശിപ്പിക്കും.
ലഹരി മരുന്നുകളുടെ അടിമത്തത്തിൽ നിന്ന് സ്വബോധത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് എന്ന മുദ്രാവാക്യമുയർത്തി ലഹരിക്കെതിരായി കെപിസിസി ആഹ്വാന പ്രകാരം ഓഗസ്റ്റ് 9ന് ക്വിറ്റ് ഡ്രഗ് ഡേ വാക്കത്തോൺ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമായാണ് പഞ്ചായത്ത് മുൻസിപ്പാലിറ്റി തലങ്ങളിലേക്ക് കാമ്പയിൻ വിപുലീകരിച്ചതെന്ന് കോൺഗ്രസ് അറിയിച്ചു.

മനുഷ്യ മതിലിൽ ഓഗസ്റ്റ് 15ന് വൈകീട്ട് നാലിന് സാമൂഹിക രാഷ്ട്രീയ നേതാക്കളും, ക്ലബ്ബുകളും, റസിഡൻസ് അസോസിയേഷനുകളും, സാംസ്കാരിക നായകരും, എഴുത്തുകാരും, അധ്യാപകരും തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കുചേരുമെന്നും നേതാക്കൾ അറിയിച്ചു.

