മെസിയുടെ കൊല്‍ക്കത്തയിലെ പരിപാടിക്കിടെ വന്‍ സംഘര്‍ഷം. മെസിയെ ശരിക്കും കാണാനായില്ലെന്ന് ആരോപിച്ച് രോഷാകുലരായ ആരാധകര്‍ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വന്‍ നാശനഷ്ടമുണ്ടാക്കി. ഫുട്ബോള്‍ മിശിഹായെ കാണാന്‍ കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.

5000 മുതല്‍ 25,000 രൂപ വരെയായിരുന്നു കൊല്‍ക്കത്തയിലെ GOAT TOUR ടിക്കറ്റ് വില. സൗഹൃദ മത്സരത്തിന്റെ ഇടവേള സമയത്താണ് മെസി ഗ്രൗണ്ടില്‍ എത്തിയത്. ആരാധകരെ അഭിവാദ്യം ചെയ്ത മെസി എന്നാല്‍ പെട്ടെന്ന് മടങ്ങി. മെസിക്ക് ചുറ്റും രാഷ്ട്രീയക്കാരും സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരും തിങ്ങി നിറഞ്ഞതിനാല്‍ ഒന്ന് കാണാന്‍ പോലും പലര്‍ക്കും ആയില്ല. വന്‍ തുക മുടക്കി ടിക്കറ്റ് എടുത്തവര്‍ ഇതോടെ വന്‍ കലിപ്പിലായി.
ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയ ജനക്കൂട്ടം താല്‍ക്കാലിക പന്തലുലുകളും സീറ്റുകളും ബോര്‍ഡുകളും നശിപ്പിച്ചു. ഒടുവില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിവീശേണ്ടിവന്നു. സംഘാടകര്‍ വഞ്ചിച്ചെന്ന് ആരാധകര്‍ ആരോപിച്ചു.

മെസിക്കൊപ്പം ബോളിവുഡ് താരം ഷാരൂഖ് ഖാനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് സൗരവ് ഗാംഗുലിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സ്റ്റേഡിയത്തില്‍ ഉണ്ടാകുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. എന്നാല്‍ അവരാരും എത്തിയില്ല. ഇതിലും വന്‍ നിരാശയിലാണ് ആരാധകക്കൂട്ടം.

