അർജന്റീന ഫുട്ബോൾ താരം ലയണൽ മെസി ഇന്ന് ഡൽഹിയിൽ. രാവിലെ 10.45ന് ഡൽഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിൽക്കുന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇവിടെ 20 മിനിറ്റോളം ചിലവഴിക്കുമെന്നാണ് വിവരം. ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ അഗസ്റ്റിൻ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പ്രഫുൽ പട്ടേൽ എംപിയുടെ വസതിയിലാണ് കൂടിക്കാഴ്ച.

വൈകീട്ട് 3.30ന് ഫിറോസ് ഷാ ഖോട്ലയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്തശേഷമാകും മെസിയുടെ മടക്കം. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് മെസി ഡൽഹയിൽ എത്തുന്നത്.
ഇന്നലെ മുംബൈയിലെ പര്യടനം അക്ഷരാര്ധത്തില് ആരാധകരെ ഇളക്കി മറിച്ചു. വാങ്കഡെ സ്റ്റേഡിയത്തില്‍ കുട്ടികള്‍ക്കൊപ്പം പന്ത് തട്ടിയും ഷൂട്ടൗട്ടില്‍ പങ്കെടുത്തും മെസ്സി ആവേശ തിരമാല തീര്‍ത്തു. ക്രിക്കറ്റ് ദൈവം സച്ചിന് ടെണ്ടുല്‍ക്കറും മെസിക്കൊപ്പം വേദിയില്‍ എത്തി.

പ്രൊജക്റ്റ് മഹാദേവ എന്ന പേരില്‍ കുട്ടി ഫുട്ബോളര്‍മാര്‍ക്കുള്ള സഹായ പദ്ധതിയുടെ പ്രചാരണ പരിപാടി കൂടിയാണ് വാങ്കടെയില്‍ നടന്നത്. മൂന്നുമണിയോടെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ മറ്റൊരു പരിപാടിയിലും മെസി പങ്കെടുത്തിരുന്നു. ഇന്നത്തെ ഡൽഹി സന്ദര്‍ശനത്തോടെ ഇന്ത്യയിലെ പര്യടനം അവസാനിക്കും.

