തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവർണർ രാജ്ഭവനിൽ നടത്തിയ അറ്റ്ഹോം വിരുന്ന് ബഹിഷ്കരിച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിലപാടിൽ രാജ്ഭവന് അതൃപ്തി. ഉന്നത വിദ്യാഭ്യാസ രംഗത്തടക്കം ഗവർണർ പല വിഷയത്തിലും കടുംപിടിത്തം തുടരുന്ന സാഹചര്യത്തിൽ ചടങ്ങിന് പ്രസക്തിയില്ലെന്ന നിലപാടാണ് സർക്കാരിന്. ഇരുവിഭാഗവും അനുനയത്തിനില്ലെന്ന് വ്യക്തമാക്കുമ്പോൾ ഇതിന്റെ തുടർച്ച എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവർണർ രാജ്ഭവനിൽ ഇന്നലെ നടത്തിയ അറ്റ്ഹോം വിരുന്ന് സൽക്കാരമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിരുന്നിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്.
ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ഭിന്നത രൂക്ഷമെന്ന് ഈ സംഭവത്തോടെ വ്യക്തമായി.കേരളത്തിലെ സർവകലാശാലകളിലും ക്യാംപസുകളിലും വിഭജന ഭീതി ദിനം ആചരിക്കാനുള്ള സർക്കുലറിലടക്കം മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർക്കെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്നു.

താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളും ഒരുവശത്ത് തുടരുന്നുണ്ട്. ഇതിനിടെ രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സർക്കാർ അനുവദിച്ചിരുന്നു. പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായാണ് ഗവർണർ വിരുന്ന് സൽക്കാരം നടത്തിയത്. തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുക അനുവദിച്ചത്. ചെലവുചുരുക്കൽ നിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയാണ് ധനവകുപ്പ് ഹോസ്പിറ്റാലിറ്റി ചെലവുകൾ എന്ന ശീർഷകത്തിൽ 15 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.

