ചെന്നൈ: ബിഹാർ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിന് ഉപദേശവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുദ്രാവാക്യങ്ങളല്ല തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതെന്ന് സ്റ്റാലിൻ തുറന്നടിച്ചു. രാഷ്ട്രീയ വ്യക്തത, സഖ്യത്തിനുള്ളിലെ അച്ചടക്കം, ജനങ്ങൾക്കിടയിലെ വിശ്വാസ്യത എന്നിവയാണ് തിരഞ്ഞെടുപ്പുകളെ തീരുമാനിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജയത്തിന് വ്യക്തമായ രാഷ്ട്രീയ സന്ദേശം ജനങ്ങളിലെത്തിക്കാൻ കഴിയണം. അവസാന വോട്ട് പോൾ ചെയ്യുന്നത് വരെ സമർപ്പിതമായ പരിശ്രമങ്ങൾ ആവശ്യമാണ്. കോൺഗ്രസിനുള്ള ഓർമപ്പെടുത്തലായാണ് രാഷ്ട്രീയ നിരീക്ഷകർ സ്റ്റാലിന്റെ വാക്കുകളെ നോക്കി കാണുന്നത്.
ബിഹാറിലെ വിജയത്തിന് നിതീഷ് കുമാറിനെ സ്റ്റാലിൻ അഭിനന്ദിച്ചതിനൊപ്പം തേജസ്വി യാദവിന്റെ ആത്മാർഥമായ പരിശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. ബിഹാറിലെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ നിതീഷ് കുമാറിന് സാധിക്കട്ടെയെന്നും സ്റ്റാലിൻ ആശംസിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമർശനങ്ങളും സ്റ്റാലിൻ ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളെ വെള്ളപൂശാൻ കഴിയില്ല. രാജ്യത്ത് ശക്തവും നിഷ്പക്ഷവുമായ ഒരു തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യമാണെന്നും സ്റ്റാലിൻ പറഞ്ഞു.

ചരിത്രത്തിലേക്കും ഏറ്റവും വലിയ തോൽവിയാണ് ബിഹാറിൽ കോൺഗ്രസ് നേരിട്ടത്. 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് കേവലം ആറ് സീറ്റിൽ മാത്രമാണ് വിജയിച്ചത്. സഖ്യകക്ഷിയായ ആർജെഡിയ്ക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇന്ത്യ സഖ്യത്തിലെ ഐക്യമില്ലായ്മയാണ് പരാജയത്തിന് കാരണമെന്ന വിമർശനങ്ങൾക്കിടയിലാണ് തമിഴ്നാട്ടിലെ കോൺഗ്രസിന്റെ പ്രധാന സഖ്യകക്ഷിയായ ഡിഎംകെയുടെ നേതാവായ സ്റ്റാലിന്റെ ഓർമപ്പെടുത്തൽ ഉണ്ടാകുന്നത്.
