ന്യൂഡൽഹി: ഇന്ത്യക്കാർ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്നത് ആവർത്തിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി. ഇന്ത്യയെ ആഗോളതലത്തിൽ മുന്നിലെത്തിക്കുന്നതിന് കഠിനാധ്വാനത്തിന്റെ പ്രാധാന്യം എന്താണെന്ന് ചെറുപ്പക്കാർ മനസിലാക്കണമെന്ന് മൂർത്തി വ്യക്തമാക്കി.
കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സിന്റെ ശതാബ്ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ആഗോള നിലവാരം ഉയർത്താൻ കഠിനാധ്വാനം ചെയ്യാൻ യുവാക്കളോട് നാരായണ മൂർത്തി ആഹ്വാനം ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
‘നമ്മൾ നമ്മുടെ മികച്ചതിലേയ്ക്ക് പോകുമെന്നും ആഗോളതലത്തിലെ ഏറ്റവും മികച്ച കമ്പനികളുമായി താരതമ്യം ചെയ്യുമെന്നും ഞാൻ ഇൻഫോസിസിൽ പറഞ്ഞിട്ടുണ്ട്. മറ്റ് മികച്ച ആഗോള കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ നമുക്ക് മനസിലാകും നമ്മൾ ഇന്ത്യക്കാർക്ക് എന്തെല്ലാം ചെയ്യാനുണ്ടെന്ന്. 800 ദശലക്ഷം ഇന്ത്യക്കാർക്ക് സൗജന്യ റേഷൻ കിട്ടുന്നതിലേയ്ക്കായി നമുക്ക് നമ്മുടെ ലക്ഷ്യങ്ങളെ ഉയർത്തേണ്ടതുണ്ട്. 800 ദശലക്ഷം ഇന്ത്യക്കാർ ദാരിദ്ര്യം അനുഭവിക്കുകയാണ് എന്നാണ് അതിനർത്ഥം. നമ്മൾ കഠിനാധ്വാനം ചെയ്തില്ലെങ്കിൽ വേറെ ആരാണ് ചെയ്യുക?’-മൂർത്തി ചോദിച്ചു.
വർക്ക് ലൈഫ് ബാലൻസ് (തൊഴിൽ, വ്യക്തി ജീവിത സന്തുലിതാവസ്ഥ) എന്നതിൽ വിശ്വസിക്കുന്നില്ല എന്ന് മുൻപ് നാരായണ മൂർത്തി പറഞ്ഞത് ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. 1986ൽ ഇന്ത്യ ആഴ്ചയിൽ ആറ് പ്രവൃത്തി ദിവസം എന്നത് അഞ്ച് ആക്കി മാറ്റിയതിലും അദ്ദേഹം നിരാശ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം നവംബറിൽ സിഎൻബിസി ഗ്ലോബൽ ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുമ്പോൾ തനിക്ക് ഒരിക്കലും ഇത് അംഗീകരിക്കാനാവില്ലെന്നായിരുന്നു മൂർത്തിയുടെ പ്രതികരണം. സമ്പന്നവും ആഗോളതലത്തിൽ ആദരിക്കപ്പെടുന്നതുമായ ഒരു രാഷ്ട്രം സൃഷ്ടിക്കുന്നതിന് ഇന്ത്യക്കാർ തണുപ്പൻ മട്ട് ഒഴിവാക്കണമെന്നും കഠിനാധ്വാനം ചെയ്യണമെന്നും മൂർത്തി ആഹ്വാനം ചെയ്യുന്നു.