ആലപ്പുഴ: ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സംസാരിച്ച സാഹിത്യകാരി ഡോ. എം ലീലാവതിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തില്‍ അപലപിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. പലസ്തീനെ മായ്ച്ചുകളയാന്‍ ഇസ്രയേല്‍ ശ്രമിക്കുമ്പോള്‍ അവസാനിക്കുന്നത് പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവിതവും സ്വപ്നങ്ങളുമാണെന്ന് ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.

‘മനുഷ്യരോടാണ്, നിരുപാധികം നാം ഈ ജനതയോട്, അവരുടെ സഹനത്തോട്, ചെറുത്തു നില്‍പ്പിനോട്, ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിന്റെ പേരില്‍ സൈബര്‍ അക്രമണത്തിന് വിധേയമായ ലീലാവതി ടീച്ചറോട് ഐക്യപ്പെടണം. ഇന്ന് ഗാസയില്‍ എങ്കില്‍ നാളെ ഇത് ഫാസിസം ശക്തിപ്പെടുന്ന ഇന്ത്യയിലും സംഭവിക്കാം’, ശിവപ്രസാദ് പറഞ്ഞു.
‘ഭക്ഷണത്തിനായി പാത്രവും നീട്ടി നില്ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക’ എന്ന് തന്റെ 98ാം പിറന്നാള്‍ ദിനത്തില്‍ ലീലാവതി പറഞ്ഞ വാക്കുകള്‍ക്കെതിരെയാണ് ലീലാവതിക്കെതിരെ സംഘപരിവാര്‍ ആക്രമണം നടക്കുന്നത്. ഗാസയില്‍ മാത്രമല്ല, ലോകത്തെ മറ്റ് സ്ഥലങ്ങളിലും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്നം കണ്ടില്ലല്ലോയെന്നുമാണ് അധിക്ഷേപം. ഇസ്രയേലിനൊപ്പമെന്ന് പറഞ്ഞ് കാസയുടെയും കെ പി ശശികലയുടെയും അടക്കം പേജുകളില്‍ ലീലാവതിക്കെതിരെ വലിയ രീതിയില്‍ ആക്രമണം നടക്കുകയാണ്.

അതേസമയം തന്നെ ഈ വിമര്‍ശനങ്ങള്‍ ബാധിക്കാറില്ലെന്നാണ് ലീലാവതി ടീച്ചർ പറഞ്ഞത്. എന്ത് വിമര്‍ശിച്ചാലും പ്രശ്നമില്ല. വലിയ വിമര്‍ശനങ്ങള്‍ ഏറ്റിട്ടുണ്ടെന്നും ലീലാവതി ടീച്ചർ പറഞ്ഞു. ‘കുഞ്ഞുങ്ങള്‍ക്ക് ജാതിയും മതവും വര്‍ണവുമില്ല. കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങള്‍ മാത്രമാണ്. കുഞ്ഞുങ്ങള്‍ക്ക് വിശക്കുന്നത് എനിക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്. അവരുടെ അച്ഛനമ്മമാര്‍ ആരെന്ന് ഞാന്‍ ആലോചിക്കാറില്ല. അത് എനിക്ക് പ്രസക്തമല്ല’, എന്നായിരുന്നു സംഘപരിവാര്‍ ആക്രമണത്തിനെതിരായ ലീലാവതിയുടെ ടീച്ചറുടെ പ്രതികരണം. നിരവധിപ്പേരാണ് ഡോ. എം ലീലാവതിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

