കൊല്ലം ∙ വിദ്യാർഥികളുമായി പോയ സ്കൂൾ ബസിനു തീപിടിച്ചു; കുട്ടികളെ സുരക്ഷിതമായി പുറത്ത് എത്തിച്ചെങ്കിലും വാഹനം പൂർണമായി കത്തി നശിച്ചു. ഇന്നലെ വൈകിട്ടു 4.30നു കണ്ണനല്ലൂർ പാലമുക്ക് പെട്രോൾ പമ്പിനു സമീപത്താണു സംഭവം. കുണ്ടറ നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം സ്കൂളിന്റെ ബസാണ് തീകത്തി നശിച്ചത്. 2 വിദ്യാർഥികളും ഡ്രൈവറും ആയയും വാഹനത്തിലുണ്ടായിരുന്നു.ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നു പുക ഉയരുന്നതു ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം ഡ്രൈവറെ അറിയിച്ചു. ഇദ്ദേഹം ഉടനെ വാഹനം റോഡിനു വശത്തേക്കു മാറ്റി നിർത്തി. ബസിലുണ്ടായിരുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പുറത്ത് ഇറങ്ങിയശേഷം വാഹനത്തിൽ ശക്തമായി തീ പടരുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കുണ്ടറ, കടപ്പാക്കട എന്നിവിടങ്ങളിൽ നിന്നു 4 യൂണിറ്റ് അഗ്നിരക്ഷാസേന സംഘം എത്തിയാണു തീ കെടുത്തിയത്.
തങ്ങൾ സഞ്ചരിച്ച ബസ് നിമിഷ നേരം കൊണ്ടു ബസ് കത്തിച്ചാമ്പലാകുന്നതിന്റെ നടുക്കത്തിലായിരുന്നു ബസിലെ ആയയും കണ്ണനല്ലൂർ, കൊട്ടിയം സ്വദേശികളായ 2 വിദ്യാർഥികളും ഡ്രൈവറും. സ്കൂളിൽ നിന്നു നിറയെ വിദ്യാർഥികളുമായി പുറപ്പെട്ട ബസ് പല സ്ഥലങ്ങളിലായി വിദ്യാർഥികളെ ഇറക്കി വരുമ്പോഴായിരുന്നു അപകടം. ഭൂരിഭാഗം കുട്ടികളും അതത് സ്റ്റോപ്പുകളിൽ ഇറങ്ങിയതിനു ശേഷമാണ് അപകടം സംഭവിച്ചത് എന്നതിന്റെ വലിയ ആശ്വാസത്തിലാണു രക്ഷിതാക്കളും നാട്ടുകാരും. നെടുമ്പന റോഡിൽ നിന്നും കൊട്ടിയം – കണ്ണനല്ലൂർ റോഡിലേക്കു പ്രവേശിച്ച ബസ് 10 മീറ്റർ മുന്നോട്ടു പോയപ്പോഴാണു ബസിന് അടിയിൽ നിന്നു തീയും പുകയും ഉയരുന്നതായി ഡ്രൈവർ സുനിൽ അറിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
“ഉടൻ ബസ് റോഡരികിലേക്കു നിർത്തി കുട്ടികളെയും ആയയെയും ബസിൽ നിന്ന് ഇറക്കി ദൂരേക്ക് ഓടി മാറി. നിമിഷ നേരം കൊണ്ടു ബസിൽ തീ പടരുകയായിരുന്നു. തൊട്ടടുത്തായി പെട്രോൾ പമ്പ് ഉണ്ടായിരുന്നെങ്കിലും ഡ്രൈവർ സുനിൽ സുരക്ഷിതമായി ബസ് നിർത്തുകയായിരുന്നു. ബസിനു തീപിടിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു. വൈദ്യുതി കമ്പികളിലേക്കും തീ പടർന്നതോടെ കണ്ണനല്ലൂർ കെഎസ്ഇബി അധികൃതർ വൈദ്യുതി ബന്ധം വിഛേദിച്ചു. ഷോർട് സർക്യൂട്ടാകാം കാരണമെന്നാണു പ്രാഥമിക നിഗമനം. വലിയ കാലപ്പഴക്കം ഇല്ലാത്ത ബസാണ് അഗ്നിക്കിരയായത്. വിശദമായ അന്വേഷണം നടത്തുമെന്നു മോട്ടർ വാഹന വകുപ്പും കണ്ണനല്ലൂർ പൊലീസും പറഞ്ഞു.