ക്വാലാലംപൂർ: ഭക്ഷണശാലയിലിരുന്ന് പുകവലിച്ചതിന് മന്ത്രിക്ക് പിഴശിക്ഷ. മലേഷ്യൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഹസനാണ് ശിക്ഷ ലഭിച്ചത്. രാജ്യത്തെ ആരോഗ്യമന്ത്രിയാണ് വിവരം പുറത്തുവിട്ടത്. നെഗേരി സെമ്പിലാനി സംസ്ഥാനത്തെ ഭക്ഷണശാലയിലിരുന്നാണ് മന്ത്രി പുകവലിച്ചത്. രാജ്യത്തെ നിയമപ്രകാരം നിരോധിത സ്ഥലത്തെ പുകവലി ശിക്ഷാർഹമായ വലിയ കുറ്റമാണ്. മന്ത്രി പുകവലിക്കുന്ന ചിത്രങ്ങൾ പുറത്തുവത്തോടെ വലിയ വിമർശത്തിന് ഇടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പിഴവിധിച്ചത്.
2019 ലാണ് രാജ്യത്തെ എല്ലാ ഭക്ഷണശാലകളിലും റെസ്റ്റോറന്റുകളിലും പുകവലി നിരോധിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ നിയമം കൂടുതൽ കർശനമാക്കുകയും ചെയ്തു. അതിനുപിന്നാലെയാണ് മന്ത്രി കുടുങ്ങിയത്. പുകവലിച്ചതിന് ശിക്ഷിക്കപ്പെട്ട വിവരം വിദേശകാര്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. മന്ത്രിതന്നെ നേരിട്ട് പിഴ അടയ്ക്കണം എന്നാണ് ആരാേഗ്യമന്ത്രി പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ബന്ധപ്പെട്ടവരിൽ നിന്ന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് ഹസൻ സ്ഥിരീകരിച്ചിട്ടുണ്ട്. തെറ്റ് സംഭവിച്ചതിൽ അദ്ദേഹം മാപ്പുപറയുകയും ചെയ്തു. സംഭവം പൊതുജനങ്ങൾക്കിടയിൽ ആശങ്കയും പ്രശ്നവുമായി മാറിയിട്ടുണ്ടെങ്കിൽ ഞാൻ ആത്മാർത്ഥമായി ക്ഷമാപണം നടത്താൻ ആഗ്രഹിക്കുന്നു എന്നായിരുന്നു മന്ത്രിപറഞ്ഞത്. പിഴത്തുക എത്രയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പിഴ ഉടൻ അടയ്ക്കുമെന്നും വലിയ തുകയായിരിക്കില്ലെന്ന അതെന്ന് കരുതുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
പുകവലിക്കുന്ന ചിത്രം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ മന്ത്രിക്കെതിരെ വലിയ ക്യാമ്പയിനാണ് നടന്നത്. ‘നിങ്ങൾ മന്ത്രിയായാലും വിവിഐപി ആയാലും തെറ്റ് എപ്പോഴും തെറ്റുതന്നെയാണ്. ആരും നിയമത്തിന് അതീതരല്ല’ എന്നാണ് എക്സിൽ ഒരാൾ കുറിച്ചത്. ‘നിയമം ലംഘിക്കുന്ന നിയമനിർമാതക്കൾക്കും നിവർവഹണ അധികാരികൾക്കും പൊതുജനങ്ങൾക്ക് നൽകുന്നതിനെക്കാൾ കടുത്ത ശിക്ഷ നൽകണം’ എന്നാണ് മറ്റൊരാൾ കുറിച്ചത്. പ്രതിഷേധം ഉൾപ്പെടെ കണക്കിലെടുത്താണ് ശിക്ഷ വിധിച്ചത്.