റിയോ ഡി ജനീറോ: ജി 20 ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെട്ട ലോക നേതാക്കളെ വരവേറ്റ് ബ്രസീൽ. ഇന്നലെ റിയോ ഡി ജനീറോയിലെ മ്യൂസിയം ഒഫ് മോഡേൺ ആർട്ടിൽ തുടങ്ങിയ ഉച്ചകോടി ഇന്ന് സമാപിക്കും.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയ നേതാക്കളും പങ്കെടുക്കുന്നു. റഷ്യൻ പ്രസിഡന്റ് പുട്ടിന് പകരം വിദേശകാര്യ മന്ത്രി സെർജി ലവ്റൊവാണ് പങ്കെടുക്കുന്നത്.
സ്റ്റാമർ, മാക്രോൺ, മെലോനി തുടങ്ങിയവരുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യ – യു.കെ സ്വതന്ത്ര വ്യാപാര കരാർ മോദി – സ്റ്റാമർ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.
ഇന്ത്യൻ സമയം ഇന്ന് രാത്രി നടക്കുന്ന സമാപന യോഗത്തിൽ ജി 20യുടെ അടുത്ത അദ്ധ്യക്ഷ പദവി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയ്ക്ക് ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ കൈമാറും.
മുഖ്യ വിഷയമായി
ദാരിദ്ര്യ നിർമ്മാർജ്ജനം
നീതിയുക്തവും സുസ്ഥിരവുമായ ലോകം കെട്ടിപ്പടുക്കുകയെന്നതാണ് ഉച്ചകോടിയുടെ പ്രമേയം
ഉദ്ഘാടന സെഷനിൽ, പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരായ ആഗോള സഖ്യത്തിന് തുടക്കമിട്ടു
കാലാവസ്ഥാ വ്യതിയാനം, ഊർജ്ജം, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
പശ്ചിമേഷ്യയിലെയും യുക്രെയിനിലെയും സംഘർഷം അവസാനിപ്പിക്കുന്നതും വിഷയമായേക്കും
# മോദിക്ക് ഊഷ്മള വരവേൽപ്പ്
നൈജീരിയ സന്ദർശനത്തിന് ശേഷം ഇന്നലെ പുലർച്ചെയാണ് മോദി ബ്രസീലിലെത്തിയത്. വിമാനത്താവളത്തിലും ഹോട്ടലിനും പുറത്തായി നൂറുകണക്കിന് ഇന്ത്യൻ വംശജർ മോദിയെ വരവേൽക്കാൻ തടിച്ചുകൂടി. ജി 20 ഉച്ചകോടിക്ക് ശേഷം മോദി ഗയാനയിലേക്ക് തിരിക്കും. ഗയാനയിലെ ജോർജ്ജ് ടൗണിൽ നടക്കുന്ന ഇന്ത്യാ-കാരിക്കോം ഉച്ചകോടിയിൽ പങ്കെടും. ഡൊമനിക്കയുടെ പരമോന്നത സിവിലിയൻ പുരസ്കാരവും സ്വീകരിക്കും.
# 25 കോടി ജനത ദാരിദ്ര്യ മുക്തം
ജി 20 ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ നിന്ന്. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരായ പോരാട്ടമായിരുന്നു അജൻഡ
കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ ഇന്ത്യയിൽ ദാരിദ്രയത്തിൽ നിന്ന് കരകയറ്റി
80 കോടിയിലേറെ ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകുന്നു
ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ വെല്ലുവിളികളും മുൻഗണനകളും അഭിസംബോധന ചെയ്യണം
ആഗോള സംഘർഷങ്ങൾ മൂലമുണ്ടാകുന്ന ഭക്ഷ്യ, ഇന്ധന പ്രതിസന്ധികൾ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ഗ്ലോബൽ സൗത്ത് രാജ്യങ്ങളെ
ആഗോള ഭക്ഷ്യ സുരക്ഷയ്ക്ക് ഇന്ത്യ സംഭാവന നൽകുന്നു. മലാവി, സാംബിയ, സിംബാബ്വേ എന്നിവിടങ്ങളിലേക്ക് അടുത്തിടെ ഇന്ത്യ മാനുഷിക സഹായങ്ങൾ നൽകി