
മഴക്കാലമായതോടെ ഉഗ്ര വിഷമുള്ള പാമ്പുകളടക്കം വീട്ടിലെത്തുന്ന സ്ഥിതിയുണ്ട്. പാമ്പ് കടിയേറ്റ് നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. പാമ്പിനെ കാണുമ്പോൾത്തന്നെ പേടിച്ചുവിറയ്ക്കുന്ന നിരവധിപേരുണ്ട്.

നിങ്ങളുടെ വീട്ടിലോ പരിസരത്തോ കഴിയാനുള്ള സാഹചര്യം, ഭക്ഷണം, വെള്ളം എന്നിവ കണ്ടെത്തിയാൽ പാമ്പ് അവിടെത്തന്നെ തുടരും. വീടിനുള്ളിൽ പാമ്പ് കയറിയിട്ട് ദിവസങ്ങളായെങ്കിലും കടിയേൽക്കുമ്പോൾ മാത്രമായിരിക്കും വീട്ടുകാർ ഇക്കാര്യം അറിയുക.
എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പ് പരിസരത്തെത്തിയാൽ മനസിലാക്കാൻ കഴിയും.
അതിൽ ആദ്യത്തെ അല്ലെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം പാമ്പിന്റെ തൊലി വീട്ടുപരിസരത്ത് കാണുന്നതാണ്. അത്യാവശ്യം തിളക്കമുള്ള തൊലിയാണ് കാണുന്നതെങ്കിൽ അടുത്തിടെ ഒരു പാമ്പ് അവിടെ ഉണ്ടായിരുന്നുവെന്നാണ് അതിനർത്ഥം. പരിസരത്ത് തന്നെ അവ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

വീട്ടിൽ വളർത്തുമൃഗങ്ങളുണ്ടെങ്കിൽ, പ്രത്യേകിച്ച് നായ ഉണ്ടെങ്കിൽ പാമ്പിന്റെ സാന്നിദ്ധ്യമറിഞ്ഞാൽ അവ പരിഭ്രാന്തരാകും. അത് കുരക്കുകയോ മുരളുകയോ ചെയ്യാം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ശ്രദ്ധവേണം.
നിങ്ങളുടെ വീട്ടിലും പരിസരത്തും എലികൾ, തവളകൾ, പല്ലികൾ എന്നിവയുടെ സാന്നിദ്ധ്യമുണ്ടെങ്കിൽ അവിടെ പാമ്പ് വരാൻ സാദ്ധ്യത കൂടുതലാണ്. പെട്ടന്നൊരു നാൾ ഇത്തരം ജീവികൾ അവിടെ നിന്ന് അപ്രത്യക്ഷമായെങ്കിൽ സൂക്ഷിക്കണം. പാമ്പ് വിഴുങ്ങിയതാകാം. ഒരിക്കൽ ഇരയെ കിട്ടിക്കഴിഞ്ഞാൽ പിന്നെ പാമ്പ് അവിടെനിന്ന് അത്രപെട്ടന്നൊന്നും പോകുകയുമില്ല.
പാമ്പിന്റെ കാഷ്ഠം കാണുന്നത് വളരെ അപൂർവമാണ്, പക്ഷേ അവ വളരെ വ്യത്യസ്തമാണ്. അവ ഇരുണ്ടതും മൃദുവായതുമാണ്,നായയുടെയോ പൂച്ചയുടെയോ കാഷ്ഠത്തിൽ നിന്ന് വ്യത്യസ്തമായി, അവയ്ക്ക് പ്രത്യേകിച്ച് ഒരു ആകൃതി ഉണ്ടാകില്ല. നിങ്ങൾ വിചിത്രമായ കാഷ്ഠം കാണുകയും അത് നിങ്ങളുടെ വളർത്തുമൃഗത്തിന്റേതല്ലെന്ന് ബോദ്ധ്യമാവുകയും ചെയ്താൽ പാമ്പിനെ കരുതിയിരിക്കണം.
മ്പുകൾ ചില സമയങ്ങളിൽ ചീറ്റുകയോ ചെറിയ മുരൾച്ച ശബ്ദം പുറപ്പെടുവിക്കുകയോ ചെയ്യുന്നു. സാധാരണയായി, ഉണങ്ങിയ ഇലകളിലോ, കുറ്റിക്കാടുകളിലോ, പ്രത്യേകിച്ച് പുലർച്ചെയോ സന്ധ്യയിലോ ആയിരിക്കും ഇത്തരം ശബ്ദങ്ങൾ പുറപ്പെടുവിക്കുക.
എലി മാളങ്ങളിലോ, ചിതൽ പുറ്റുകളിലോ, കമ്പോസ്റ്റ് കുഴികളിലൊക്കെ ഇവയെത്തുന്നു. മണ്ണിൽ ഒരു ചെറിയ, വൃത്താകൃതിയിലുള്ള, മിനുസമാർന്ന അരികുകളുള്ള ദ്വാരം കണ്ടാൽ ഒരു കാരണവശാലും കൈകൊണ്ടോ മറ്റോ തൊട്ടുനോക്കരുത്.
പാമ്പുകൾ ചൂട് കിട്ടുന്നതും, ശല്യമില്ലാത്തതുമായ സ്ഥലങ്ങളിൽ കഴിയാൻ ഇഷ്ടപ്പെടുന്നു. കടലാസുകൾ കൂട്ടിയിട്ടയിടങ്ങൾ, ഉണങ്ങിയ ഇലകൾ, അല്ലെങ്കിൽ വൈക്കോൽ കൂന എന്നിവടങ്ങളിൽ ഇവയെ കണ്ടുവരുന്നു.
വീടിന് സമീപം ചെറിയ കുളം, അല്ലെങ്കിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളുണ്ടെങ്കിൽ അവിടെയും പാമ്പുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പ്രത്യേകിച്ച് വേനൽക്കാലങ്ങളിൽ. ഒരു പാമ്പിനെ കണ്ടാൽ പ്രത്യേകിച്ച് കുഞ്ഞാണെങ്കിൽ കൂടുതൽ പാമ്പുകൾ പ്രദേശത്ത് ഉണ്ടാകാൻ സാദ്ധ്യതയേറെയാണ്. കാരണം പാമ്പുകൾ ഒരു സമയം ഡസൻ കണക്കിന് മുട്ടകളാണ് ഇടുന്നത്.