ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവികതയുടെ പ്രകാശം പകർന്നു ദീപാവലി നമുക്കാഘോഷിക്കാം എന്നും സ്നേഹവും സാഹോദര്യവും പുലരട്ടെ എന്നും അദ്ദേഹം പറഞ്ഞു. ദീപാവലി, ദീപങ്ങളുടെ ഉത്സവം- ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഇത്. അഞ്ച് ദിവസത്തെ ഈ ഉത്സവം ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ, ജൈനന്മാർ, സിഖുകാർ, ചില ബുദ്ധമതക്കാർ എന്നിവരും ആഘോഷിക്കുന്നു.

സംസ്ഥാനത്ത് ദീപാവലി ആഘോഷം പരിസരമലിനീകരണം പരമാവധി ഒഴിവാക്കി പരിസര ശുചിത്വം പാലിച്ചാകണമെന്ന് ആണ് ശുചിത്വമിഷൻ നിർദേശം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, സ്ട്രോകൾ, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള കപ്പുകൾ തുടങ്ങിയവ ഒഴിവാക്കണം.
സുപ്രീം കോടതിയുടെയും ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹരിത പടക്കങ്ങൾ ഉപയോഗിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും നിർദേശിച്ചിട്ടുണ്ട്.

ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശ്ശബ്ദ മേഖലകളുടെ 100 മീറ്ററിനുള്ളിൽ ശബ്ദം ഉണ്ടാക്കുന്ന പടക്കങ്ങൾ ഉപയോഗിക്കാൻ പാടില്ല. രാത്രി എട്ടുമുതൽ പത്തുവരെയുള്ള രണ്ടു മണിക്കൂർ സമയത്താണ് പടക്കങ്ങൾ ഉപയോഗിക്കേണ്ടത്.

