ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ (WMF) അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ദുബായിൽ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന സംഗമത്തിൽ ലോകത്തിന്റെ 167 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി, ഭാരതത്തിന്റെ വികസന കുതിപ്പിൽ പ്രവാസി മലയാളികൾ വഹിക്കുന്ന പങ്കിനെ പ്രശംസിച്ചു.

സമാപന ചടങ്ങിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, ഡീൻ കുര്യാക്കോസ് എം പി, ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്ക് മേയർ ടോം ആദിത്യ, ആശാ ശരത്, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, ഡോ.സിദ്ധീഖ് അഹമ്മദ്, ഡോ.മുരളി തുമ്മാരുകുടി,ഡോ.വർഗീസ്മൂലൻ,
മിഥുൻ രമേശ്, വേൾഡ് മലയാളി ഫെഡറേഷൻ ഫൗണ്ടർ ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ ചെയർമാൻ ഡോ ജെ. രത്നകുമാർ, ഗ്ലോബൽ പ്രസിഡന്റ് ഡോ ആനി ലിബു, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം പൗലോസ് തേപ്പാല, ടോം ജേക്കബ്, മുൻ ഗ്ലോബൽ സെക്രെട്ടറി നൗഷാദ് ആലുവ, കൺവൻഷൻ കൺവീനർ വർഗീസ് പെരുമ്പാവൂർ തുടങ്ങിയവർ പങ്കെടുത്തു.

ഭാരതത്തിന്റെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ല് പ്രവാസികളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിക്കാറുള്ളതുപോലെ ഓരോ പ്രവാസിയും ഭാരതത്തിന്റെ ‘രാഷ്ട്രദൂതന്മാരാണെന്ന്’ സുരേഷ് ഗോപി പറഞ്ഞു. കേരളത്തിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടാൻ പ്രവാസികളെക്കാൾ മികച്ച ബ്രാൻഡ് അംബാസഡർമാർ വേറെയില്ല. ആയുർവേദമായാലും ഉത്തരവാദിത്ത ടൂറിസമായാലും കേരളത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ ഭാരത സർക്കാരിൽ നിന്നുള്ള എല്ലാ പിന്തുണയും ഉറപ്പാക്കാൻ ഞാൻ വ്യക്തിപരമായി പരിശ്രമിക്കും എന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

