കോട്ടയം : ഈ വർഷത്തെ കർക്കിടകവാവ് ബലിതർപ്പണത്തിന് ദേവസ്വം ബോർഡിന് കീഴിലുള്ള ബലിതർപ്പണ ചടങ്ങുകൾ നടക്കുന്ന എല്ലാ പ്രധാനകേന്ദ്രങ്ങളിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ദേവസ്വം – സഹകരണം – തുറമുഖം വകുപ്പു മന്ത്രി വി.എൻ. വാസവൻ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജൂലൈ 24 പുലർച്ചെ 2.30 മുതൽ പിറ്റേദിവസം പുലർച്ചെ 12.42 വരെയാണ് ബലിതർപ്പണ ചടങ്ങുകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം കടപ്പുറം, വർക്കല, തിരുമുല്ലവാരം, ആലുവ മണപ്പുറം എന്നിവിടങ്ങളിൽ ഉൾപ്പെടെ നൂറിലധികം ക്ഷേത്രങ്ങളിലാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്. ഇവിടെയെല്ലാം കെ.എസ്.ആർ.ടി.സി, പോലീസ്, ഫയർ ഫോഴ്സ്, റവന്യൂ ഉൾപ്പെടെ വിവിധ വകുപ്പുകളുമായി സഹകരിച്ച് എല്ലാ മുന്നൊരുക്കങ്ങളും ഇതിനോടകം പൂർത്തിയാക്കി.
അവലോകനയോഗങ്ങൾ വിളിച്ച് ചേർത്താണ് ചിട്ടയായി നടത്താനുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. കർക്കിടക വാവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, മെമ്പർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയുള്ള ആദ്യഘട്ട യോഗം മന്ത്രിയുടെ ചേംബറിൽ ചേർന്നു. പിന്നീട് വിലയിരുത്തൽ യോഗം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടത്തി.

തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലാ ഭരണാധികാരികൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് തലഉദ്യോഗസ്ഥർ പ്രധാന ആറുകേന്ദ്രങ്ങളിലെയും ഉദ്യോഗസ്ഥർ എന്നിവർ ആ യോഗത്തിൽ പങ്കെടുത്തു.

