
പാലക്കാട്: പിവി അൻവർ യുഡിഎഫിന് മുന്നിൽ വച്ച ഉപാധികളെല്ലാം തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും. പിവി അൻവർ യുഡിഎഫിനെ വെല്ലുവിളിക്കേണ്ട. സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഉപാധികളും അംഗീകരിക്കില്ലെന്നും സൗകര്യമുണ്ടെങ്കിൽ മാത്രം പിന്തുണച്ചാൽ മതിയെന്നും വിഡി സതീശൻ പറഞ്ഞു.
എൽഡിഎഫിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ അൻവർ നിർത്തിയ കാരണങ്ങൾ ഉയർത്തിപ്പിടിക്കുകയാണെങഅകിൽ അദ്ദേഹം യുഡിഎഫുമായി സഹകരിക്കുകയാണ് വേണ്ടത്. യുഡിഎഫിന് മുന്നിൽ ഉപാധികൾ വച്ചുകൊണ്ടുള്ള തമാശകളൊന്നും വേണ്ട, ചേലക്കരയിൽ രമ്യയെ പിൻവലിക്കാനാണല്ലോ ഞങ്ങൾ ഈ പണിയൊക്കെ എടുക്കുന്നതെന്നും അൻവറിന്റെ ഈ ആവശ്യം ഒരു തമാശയായി മാത്രം കണ്ടാൽ മതിയെന്നുമാണ് പ്രതിപക്ഷ നേതാവ് പരിഹാസ രൂപത്തിൽ പറഞ്ഞത്.


സഹകരിക്കാൻ അൻവറിന് താൽപ്പര്യം ഉണ്ടെന്ന് അറിയിച്ചപ്പോൾ ഒരു ചർച്ചയ്ക്ക് തയ്യാറായിരുന്നു. നിങ്ങൾ റിക്വസ്റ്റ് ചെയ്താൽ എന്റെ സ്ഥാനാർത്ഥികളെ പിൻവലിക്കാമെന്നാണ് അൻവർ പറഞ്ഞത്. റിക്വസ്റ്റ് ചെയ്തപ്പോൾ രമ്യയെ പിൻവലിക്കണമെന്നും എങ്കിൽ തന്റെ പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കാമെന്ന നിർദേശവുമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. കഴിയുമെങ്കിൽ അൻവറിന് യുഡിഎഫിനെ പിന്തുണയ്ക്കാം. മറ്റൊരു ഉപാധികളും കോൺഗ്രസും യുഡിഎഫും സ്വീകരിക്കുന്നില്ല.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഞങ്ങള്‍ ഉന്നയിക്കുന്ന ആരോപണമാണ് അന്‍വറും സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. സിപിഎം – ബിജെപി അവിഹിത ബന്ധവും ദുര്‍ഭരണവുമായിരുന്നു ഇവ. ഇങ്ങനെ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന ആളുകള്‍ എന്തിനാണ് അവരെ സഹായിക്കാന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്നും വിഡി സതീശന് ചോദിച്ചു. സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചാല്‍ നല്ലകാര്യം ഇല്ലെങ്കില്‍ അങ്ങനെ പോയ്ക്കോട്ടെ.
ആർക്ക് മുന്നിലും യുഡിഎഫ് വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല. ഉചിതമായ തീരുമാനങ്ങൾ അതാത് സമയത്തെടുക്കും. അത് രാഷ്ട്രീയമാണ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ നിരുപാധികം പിന്തുണയ്ക്കുമെന്നാണ് പിവി അൻവർ അറിയിച്ചിരിക്കുന്നത്. അതിൽ സന്തോഷമുണ്ട്. ഇനി അനവർ പിന്തുണച്ചില്ലെങ്കിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ കഷ്ടപ്പെട്ടുപോകുമല്ലോയെന്നും വിഡി സതീശൻ പരിസഹിച്ചു.
അതേസമയം, കോൺഗ്രസുമായി ചർച്ച ചെയ്യുന്നതിൽ ഇനി പ്രസക്തിയില്ലെന്നും പറഞ്ഞത് തമാശയാണോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മനസിലാകുമെന്നുമാണ് പിവി അൻവർ മറുപടി പറഞ്ഞത്.
