തിരുവനന്തപുരം:സ്കൂൾ ഒളിമ്പിക്സ് മേളയുടെ ഒരുക്കങ്ങളെല്ലാം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞിരിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇന്ന് വൈകുന്നേരമാണ് ഉദ്ഘാടന ചടങ്ങ്.നാളെ രാവിലെ മത്സരങ്ങൾ ആരംഭിക്കും. മേള ഒരു ജനകീയ ഉത്സവമായി മാറിയിരിക്കുകയാണെന്നും, എല്ലാവരുടെയും വലിയൊരു ഉണർവ് കാണുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ സംഘാടകർ അനുഭവിക്കുന്ന ഒരു വെല്ലുവിളി കാലാവസ്ഥയാണ്. മൈതാനങ്ങളിൽ വെള്ളം നിറഞ്ഞ സ്ഥിതിവിശേഷം നിലനിൽക്കുന്നുണ്ട്. മഴയെ തരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, ഇതിനായി കുറച്ച് അധിക സാമ്പത്തിക ചിലവ് വന്നാൽ പോലും അത് പരിഹരിക്കാൻ ശ്രമിക്കുന്നു.
ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങൾ നടക്കുന്നത് സെൻട്രൽ സ്റ്റേഡിയത്തിലാണ്. ഇവിടെ താത്കാലികമായി ഇൻഡോർ സ്റ്റേഡിയം നിർമ്മിച്ചിട്ടുണ്ട്. വിവിധ ഏജ് ഗ്രൂപ്പുകളിലായുള്ള എട്ട് ഇൻഡോർ ഇനങ്ങൾ ഇവിടെ മത്സരിക്കും. എറണാകുളത്ത് നടന്ന കായികമേളയിലേതിനേക്കാൾ ഒരു സ്റ്റെപ്പ് മുന്നോട്ടാണ് ഈ ഇൻഡോർ സ്റ്റേഡിയം നിർമ്മാണമെന്നും മന്ത്രി പറഞ്ഞു. മഴ ബാധിക്കാൻ സാധ്യതയുള്ള മറ്റ് മൈതാനങ്ങൾക്കായി ‘പ്ലാൻ ബി’ എന്ന നിലയിൽ ബദൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ‘പ്ലാൻ ബി’ ഉണ്ടെങ്കിലും ‘പ്ലാൻ എ’യിൽ നടക്കുന്ന അത്ര ഗംഭീരമായി കാര്യങ്ങൾ നടക്കില്ലല്ലോ എന്നൊരു വിഷമമുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.

കായികതാരങ്ങളുടെ താമസ സൗകര്യത്തിനായി (അക്കോമഡേഷൻ) ഏതാണ്ട് 74 ഓളം സ്കൂളുകൾ പൂർണ്ണമായും എടുത്തിട്ടുണ്ട്. ഓരോ സെന്റേഴ്സിലും അക്കോമഡേഷൻ, വൈദ്യുതി, ഫുഡ്, വെൽഫെയർ, ട്രാൻസ്പോർട്ട് തുടങ്ങിയ വിവിധ കമ്മിറ്റികളുടെ ഏകോപനം ഉറപ്പാക്കിയിട്ടുണ്ട്. ഈ കമ്മിറ്റികളിൽ ഏതെങ്കിലും ഒന്നിന് കുറവു വന്നാൽ ഇടപെട്ട് പ്രശ്നം പരിഹരിക്കണം എന്നൊരു ‘കണ്ടൂറ’ ഉണ്ടാക്കിയിട്ടുണ്ട്.
എല്ലാ ദിവസവും കാര്യങ്ങൾ വിലയിരുത്തുന്നതിന് അധ്യാപക സംഘടന പ്രവർത്തകരും പൊതുപ്രവർത്തകരും എം.എൽ.എമാരും സജീവമായി പങ്കെടുക്കുന്നുണ്ട്. 20,000 പേർക്കുവേണ്ടി നോൺ വെജിറ്റേറിയൻ ഭക്ഷണവും കൊടുക്കുന്നുണ്ട്. ഭക്ഷണത്തിനായുള്ള പാലുകാച്ച് ചടങ്ങ് ഇന്നലെ നടന്നു.

ഇന്ന് രാവിലെ പട്ടം ഗവൺമെന്റ് സ്കൂളിന്റെ മുന്നിൽ നിന്ന് സംയുക്ത ഘോഷയാത്ര ആരംഭിക്കും. ഇത് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പ്രവേശിച്ച്, നാലു മണിക്ക് പൊതു പരിപാടി ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
