ന്യൂഡല്‍ഹി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, പത്ത് മാസം പ്രായമുള്ള ആലിന് ഷെറിന് എബ്രഹാമിനെ അനുസ്മിരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റോഡിയോ പ്രഭാഷണ പരിപാടിയായ മന് കി ബാത്തിലാണ് പ്രധാനമന്ത്രി ആലിന് ആദരാഞ്ജലി അര്‍പ്പിച്ചത്.

കുഞ്ഞിനെ നഷ്ടപ്പെടുക എന്നതിനേക്കാള്‍ വലിയ മറ്റൊരു ദുഃഖം ഒരു രക്ഷിതാവിനുമില്ല. ഒരു ചെറിയ കുട്ടിയെ നഷ്ടപ്പെടുന്നതിന്റെ വേദന അതിലും ആഴമേറിയതാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കേരളത്തില്‍ നിന്നുള്ള ആലിന് ഷെറിന് എബ്രഹാം എന്ന കൊച്ചു പെണ്‍കുട്ടിയെ നമുക്ക് നഷ്ടപ്പെട്ടു. വെറും 10 മാസം പ്രായമുള്ളപ്പോള്‍ അവള് നമ്മെ വിട്ടുപിരിഞ്ഞു. അവള്‍ക്ക് മുന്നില്‍ ഒരു ജീവിതം മുഴുവന്‍ ഉണ്ടായിരുന്നു, അത് പെട്ടെന്ന് അവസാനിച്ചു.
അവളുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന വേദന വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല. കഠിനമായ വേദനയ്ക്കിടയിലും, ആലിന്റെ അച്ഛന് അരുണ്‍ എബ്രഹാമും അമ്മ ഷെറിനും രാജ്യത്തെ ഓരോ പൗരനെയും ബഹുമാനിക്കുന്ന ഒരു തീരുമാനമെടുത്തു. ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. ഈ ഒരൊറ്റ തീരുമാനം അവരുടെ മഹത്തായ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നു. മകളുടെ നഷ്ടത്തില്‍ ദുഃഖിക്കുമ്പോള്‍ തന്നെ, മറ്റുള്ളവരെ സഹായിക്കാനുള്ള അവരുടെ ത്യാഗമാണ് തിരുമാനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. തങ്ങളുടെ വിധി മറ്റൊരു കുടുംബത്തിനുംനേരിടേണ്ടിവരരുതെന്ന് അവര്‍ ആഗ്രഹിച്ചു.

ആലിന് ഷെറിന് എബ്രഹാം ഇപ്പോള്‍ നമ്മോടൊപ്പമില്ല, പക്ഷേ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാക്കളുടെ പട്ടികയില്‍ അവരുടെ പേര് ചേര്‍ക്കപ്പെട്ടിരിക്കുന്നു. അവയവദാനത്തെക്കുറിച്ചുള്ള അവബോധം ഇന്ത്യയില്‍ വര്‍ധിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് സഹായകരമാകുന്നതാണ് ഈ മുന്നേറ്റം. രാജ്യത്തിന്റെ വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണങ്ങള്‍ക്ക് ഈ മാറ്റം ശക്തി പകരുന്നതാണെന്നും പ്രധാനമന്ത്രി മന് കി ബാത്തില്‍ പറഞ്ഞു.

