തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ കണ്ടെത്തൽ. അന്തിമ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും.
കരിപ്പൂർ സ്വര്‍ണക്കടത്ത്, എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വി അന്‍വർ എംഎൽഎ ഉയർത്തിവിട്ടത് ആരോപണങ്ങളുടെ വിവാദ പെരുമഴ. പക്ഷെ മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ എഡിജിപി ക്ലീൻ എന്നാണ് കണ്ടെത്തൽ. ഒരു ആരോപണത്തിലും കഴമ്പില്ലെന്ന് വിജിലൻസ്. പ്രധാനമായും ഉയർന്നത് നാല് ആരോപണങ്ങളാണ്. കോടികൾ മുടക്കി കവടിയാർ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. താഴത്തെ കാർ പാര്‍ക്കിംഗ് നില ഉള്‍പ്പെടെ മൂന്ന് നിലകെട്ടിടം.
എന്നാൽ എസ് ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിർമാണമെന്നാണ് കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസ്.
Vazhcha Yugam Whatsapp Group ചേരാൻ
Vazhcha Yugam Whatsapp Telegram Group ചേരാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു അടുത്ത ആരോപണം. ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും പരാതി. എന്നാൽ ഇതെല്ലാം ശരിയല്ലെന്നാണ് കണ്ടെത്തൽ. 2009 ലാണ് കോണ്ടൂർ ബില്‍ഡേഴ്സുമായി ഫ്ലാറ്റ് വാങ്ങാൻ 37 ലക്ഷം രൂപക്ക് കരാർ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തു. 2013 ൽ കമ്പനി ഫ്ലാറ്റ് കൈമാറി. പക്ഷെ സ്വന്തം പേരിലേക്ക് ഫ്ലാറ്റ് രജിസ്റ്റർ ചെയ്യാൻ വൈകി എന്ന് മാത്രമാണ് കണ്ടെത്തൽ.
നാല് വർഷം താമസിച്ച ശേഷം 65 ലക്ഷം രൂപക്ക് ഫ്ലാറ്റ് വിൽക്കുന്നത് 2016ലാണ്. വില്‍പ്പനക്ക് പത്ത് ദിവസം മുമ്പ്, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്യുകയായിരുന്നു. എട്ട് വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വീടിന്റെ വിലയിൽ ഉണ്ടായതെന്നാണ് വിജിലൻസ് വിലയിരുത്തൽ. സർക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും വിജിലൻസ്.
കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ് പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം എംആർ അജിത് കുമാറിന് ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. ക്ലീൻചിറ്റ് മാത്രമല്ല ഇതിൽ, സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണ്ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിലും എം ആർ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം രണ്ടാഴ്ചക്കകം ഡിജിപിക്ക് കൈമാറും. അജിത് കുമാറിന് ഡിജിപി തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയതിന്റെ വിവാദം തീരും മുമ്പാണ് വിജിലൻസിൻറെ ക്ലീൻചിറ്റ്. സർക്കാറിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥനെതിരായ വിജിലൻസ് അന്വേഷണം കണ്ണിൽപൊടിയിടാനാണെന്ന് പ്രതിപക്ഷം നേരത്തെ വിമർശിച്ചിരുന്നു. അത് കൊണ്ട് തന്നെ പ്രതിപക്ഷവും അൻവറും വിജിലൻസ് കണ്ടെത്തൽ തള്ളുമെന്ന് ഉറപ്പ്. അജിത് കുമാറിനെതിരെ ഇനി നിലവിലുള്ളത് തൃശൂർ പൂരം അട്ടിമറിയിലെ അന്വേഷണം.