ന്യൂഡൽഹി: കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ മൂന്നു സംസ്ഥാനങ്ങളിലെയും ആൻഡമാൻ നിക്കോബാറിലെയും കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. എസ്ഐആർ നടപടികൾക്ക് ശേഷമുള്ള വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിക്കുക.

ഇന്നു മുതൽ ജനുവരി 22 വരെ കരട് പട്ടികയിന്മേൽ ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോം ഉണ്ടാകും. ഫെബ്രുവരി 14 വരെ ഹിയറിങുകൾക്കും പരിശോധനകൾക്കും സമയമുണ്ട്. ഫ്രെബ്രുവരി 21 നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.
ഗുജറാത്തിലും തമിഴ്നാട്ടിലും നേരത്തെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. തമിഴ്നാട്ടിൽ 97 ലക്ഷം പേരെയും ഗുജറാത്തിൽ 73 ലക്ഷം പേരെയും പട്ടികയിൽനിന്നും ഒഴിവാക്കിയിരുന്നു. കേരളത്തിൽ എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടർ പട്ടികയിൽനിന്നു 25 ലക്ഷം പേർ പുറത്തായെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

അതിനിടെ, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി ഇനിയും നീട്ടണമെന്ന ആവശ്യം ശക്തമാണ്. മരിച്ചുപോയവര്‍ എന്ന് പറഞ്ഞ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ പലരും ജീവിച്ചിരിപ്പുണ്ടെന്ന അകാശവാദവുമായി രാഷ്ട്രീയ നേതാക്കള്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ പരിശോധന വേണമെന്നാണ് ഉയരുന്ന ആവശ്യം.

