
മലപ്പുറം: മതംനോക്കി ആദായനികുതി അടയ്ക്കാത്തവരെ കണ്ടെത്താൻ വിചിത്ര ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്. ക്രിസ്ത്യാനികളായ അദ്ധ്യാപകർ ആരെന്ന് അറിയിക്കണമെന്നാണ് മലപ്പുറം അരീക്കോട് എ ഇ ഒയുടെ ഉത്തരവിൽ പറയുന്നത്.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഏപ്രിൽ ഇരുപതിലെ കത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. എന്നാൽ ഇത് വിവരാവകാശപ്രകാരം ലഭിച്ച അപേക്ഷപ്രകാരം അയച്ച കത്താണെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. ഒരു മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്.
‘പൊതുവിദ്യാഭ്യാസം – സ്കൂളിൽ സർക്കാർ ശമ്പളം കൈപ്പറ്റുന്ന ആദായ നികുതി അടയ്ക്കാത്ത ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത്’- എന്നാണ് വിഷയമായി നൽകിയിരിക്കുന്നത്. ‘താങ്കളുടെ സ്കൂളിൽ സർക്കാർ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായ നികുതി അടയ്ക്കാത്ത ജീവനക്കാർ ഉണ്ടെങ്കിൽ റിപ്പോർട്ട് ആക്കി രണ്ട് ദിവസത്തിനുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.’- എന്നാൽ പറയുന്നത്. അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഒപ്പും ഉണ്ട്.