കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ബി ജെ പി നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നത. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്ന് സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനമെന്നാണ് ബി ജെ പിയുടെ ആരോപണം. ആലപ്പുഴ പിന്നോക്കാവസ്ഥയിലാണന്നും, രാഷ്ട്രീയ കാരണങ്ങളാല്‍ ആലപ്പുഴയില്‍ എയിംസ് വേണ്ടെന്നു വെച്ചാൽ തൃശൂരിൽ സ്ഥാപിക്കുമെന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.

പാര്‍ട്ടിയുമായി ചര്‍ച്ച നടത്താതെ കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടിയുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന് നേരത്തെ തന്നെ സുരേഷ് ഗോപിക്കെതിരെ ബി ജെ പി നേതാക്കള്‍ക്ക് പരാതിയുണ്ട്. പാര്‍ട്ടിയുടെകൂടി അഭിപ്രായം തേടാതെ കലുങ്ക് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതും, വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്നതും വരുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമോ എന്ന ആശങ്കയാണ് നേതൃത്വത്തിനുള്ളത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയും കാസര്‍ഗോഡ് ജില്ലാ നേതൃത്വവും സുരേഷ് ഗോപിയുടെ നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു.
കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി ജെ പി നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നോക്കാവസ്ഥയിലുള്ള കാസര്‍ഗോഡ് ജില്ലയില്‍ എയിംസ് അനുവദിക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം. തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയുടെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളില്‍ ഒന്ന് കേരളത്തില്‍ എയിംസ് അനുവദിക്കുമെന്നായിരുന്നു. എന്നാല്‍ കേരളത്തില്‍ എയിംസ് എത്തിക്കാന്‍ സുരേഷ് ഗോപിക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ കേന്ദ്രബജറ്റില്‍ കേരളത്തിന് പ്രത്യേകിച്ച് ഒരു കേന്ദ്ര പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നില്ല. ഇതോടെ സുരേഷ് ഗോപി പ്രതിരോധത്തിലായി.

കേരളത്തിന് അടുത്തുതന്നെ എയിംസ് അനുവദിക്കുമെന്നാണ് സുരേഷ് ഗോപി പറയുന്നത്. കേരളത്തിന്റെ ആവശ്യം പരിഗണനയിലാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. 22 എയിംസാണ് കേന്ദ്രം അനുവദിച്ചിരുന്നത്. ഇതില്‍ കേരളത്തിന്റെ പേരുണ്ടായിരുന്നില്ല. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് ഉടന്‍ എയിംസ് അനുവദിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടാവുമെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കുന്നത്.

കേരളത്തിന്റെ മധ്യത്തിലുള്ള തൃശൂരിലാണ് എയിംസ് വേണ്ടതെന്നാണ് പ്രധാനമായും ഉയര്‍ന്നിരുന്ന വ്യാഖ്യാനം. അതല്ല എറണാകുളത്താണ് വേണ്ടതെന്നുള്ള ആവശ്യവും ഉയര്‍ന്നിരുന്നു, എന്നാല്‍ എറണാകുളത്തിനായി ഇപ്പോള്‍ ആരും രംഗത്തില്ല. കോഴിക്കോട് കിനാലൂരില്‍ സ്ഥലം ഏറ്റെടുത്ത സാഹചര്യത്തില്‍ കോഴിക്കോട് തന്നെ എയിംസ് സ്ഥാപിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
