കര്‍ണൂല്‍: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ കര്‍ണൂലിന് സമീപം വോള്‍വോ ബസ് കത്തി 32 യാത്രക്കാര്‍ വെന്തുമരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. 40 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസ്സിനാണ് തിപീടിച്ചത്.

ഇരുചക്ര വാഹനത്തില്‍ ബസ് ഇടിച്ചതിന് പിന്നാലെയാണ് അഗ്നിബാധയുണ്ടായത്. ബസ്സിന്റെ മുന്‍വശത്ത് നിന്ന് തീയാളുകയും വളരെ വേഗം പടരുകയും ചെയ്തു. ഇതോടെ യാത്രക്കാര്‍ക്ക് രക്ഷപ്പെടാനായില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
വളരെ ചുരുക്കമാളുകള്‍ക്ക് മാത്രമാണ് എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെടാനായത്. പരിക്കേറ്റവരെ കര്‍ണൂല്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമന സേനാ യൂണിറ്റ് എത്തിയാണ് തീയണച്ചത്. കൂടാതെ പൊലീസും പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബസ് പൂര്‍ണമായും കത്തി നശിച്ചു. അഗ്നിബാധയുടെ കാരണം അധികൃതര്‍ അന്വേഷിച്ച് വരികയാണ്. എഞ്ചിന് ഭാഗത്ത് നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. അധികൃതര്‍, അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു അപകടത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി.

മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, സാങ്കേതിക തകരാറുകള്‍ ആണോ അതോ ബസ് അധികൃതരുടെ അശ്രദ്ധ മൂലമാണോ ദുരന്തമുണ്ടായതെന്ന് കണ്ടെത്താന്‍ പൊലീസ് – മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
