ഡൽഹി: ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്റെ അവസാനമാണ് ഇതിഹാസ നടൻ ധർമ്മേന്ദ്രയുടെ വിയോഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐതിഹാസിക ചലച്ചിത്ര വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും അവതരിപ്പിച്ച ഓരോ വേഷത്തിലും ആകർഷണീയതയും ആഴവും നൽകിയ അസാധാരണ നടനായിരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.

വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ധർമ്മേന്ദ്രയുടെ കഴിവ് തലമുറകളിലൂടെ എണ്ണമറ്റ പ്രേക്ഷകരെ സ്പർശിച്ചുവെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു. “ധർമ്മേന്ദ്ര ജിയുടെ വിയോഗം ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്റെ പരിസമാപ്തിയെ അടയാളപ്പെടുത്തുന്നു.
അദ്ദേഹം ഒരു ഐതിഹാസിക ചലച്ചിത്ര വ്യക്തിത്വമായിരുന്നു. അവതരിപ്പിച്ച ഓരോ വേഷത്തിലും ആകർഷണീയതയും ആഴവും നൽകിയ ഒരു അസാധാരണ നടനായിരുന്നു അദ്ദേഹം.”

“വൈവിധ്യമാർന്ന വേഷങ്ങൾ അദ്ദേഹം ചെയ്ത രീതി എണ്ണമറ്റ ആളുകളെ സ്പർശിച്ചു. ലാളിത്യം, വിനയം, ഊഷ്മളത എന്നിവയാൽ ധർമ്മേന്ദ്ര ജി ഒരുപോലെ പ്രശംസിക്കപ്പെട്ടു. ഈ ദുഃഖകരമായ വേളയിൽ, എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും എണ്ണമറ്റ ആരാധകരോടും ഒപ്പമുണ്ട്. ഓം ശാന്തി,” പ്രധാനമന്ത്രി കുറിച്ചു.

