ആലപ്പുഴ: പത്മശ്രീ പുരസ്കാര നിറവിൽ പരിസ്ഥിതി പ്രവർത്തകയായ ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകി അമ്മ. പാരിസ്ഥിതിക മേഖലയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം നൽകിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുസ്കാരം നൽകി ആദരിക്കും. ഇന്ത്യയുടെ നാരീശക്തി പുരസ്കാര ജേതാവുകൂടിയാണ് ദേവകി അമ്മ.

സ്വന്തം വീടിനോട് ചേർന്നുള്ള ഏകദേശം അഞ്ച് ഏക്കറോളം സ്ഥലത്ത് വനം ഉണ്ടാക്കി എന്നതാണ് ദേവകി അമ്മയുടെ ഏറ്റവും വലിയ നേട്ടം. ഇന്ന് ഈ വനത്തിൽ 3000ത്തിലധികം ഔഷധസസ്യങ്ങളും വൻമരങ്ങളുമുണ്ട്. കഠിനാധ്വാനത്തിലൂടെ സ്വന്തം പുരയിടത്തിൽ ഒരു വനം തന്നെ സൃഷ്ടിച്ചെടുത്ത ഇവർ ‘വനമുത്തശി’ എന്ന പേരിലും അറിയപ്പെടുന്നു.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു അപകടത്തെത്തുടർന്ന് നടക്കാൻ ബുദ്ധിമുട്ടായപ്പോഴാണ് ദേവകി അമ്മ ചെടികൾ നട്ടുപിടിപ്പിക്കാൻ തുടങ്ങിയത്. മണ്ണുമായുള്ള ഈ ബന്ധം അവരെ മാനസികമായും ശാരീരികമായും സുഖപ്പെടുത്താൻ സഹായിച്ചുവെന്ന് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ദേവകി അമ്മയുടെ ഈ വനം ഇന്ന് പല അപൂർവ്വ പക്ഷികളുടെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമാണ്.

പരിസ്ഥിതി സംരക്ഷണത്തിനുള്ള മികച്ച പ്രവർത്തനത്തിന് 2018-ൽ ഭാരത സർക്കാരിന്റെ പരമോന്നത വനിതാ ബഹുമതിയായ നാരീശക്തി പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഇവർ ഏറ്റുവാങ്ങി. അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നാണ് ഇവർ പുരസ്കാരം ഏറ്റുവാങ്ങിയത്. കൂടാതെ കേരള സർക്കാരിന്റെ വനമിത്ര പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇവരെ തേടിയെത്തിയിട്ടുണ്ട്.

ദേവകി അമ്മയ്ക്ക് ആലപ്പുഴ ജില്ലയുടെ സോഷ്യൽ ഫോറസ്ട്രി അവാർഡും വിജ്ഞാന ഭാരതിയുടെ ഭൂമിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേരള ഹരി വ്യക്തി പുരസ്കാര ജേതാവുമാണ് ദേവകി അമ്മ. ദേശീയ തലത്തിൽ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡും ലഭിച്ചിട്ടുണ്ട്. കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കുന്നവർക്ക് വലിയൊരു പാഠപുസ്തകമാണ് ഈ അമ്മയുടെ ജീവിതം.
1934ൽ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മുതുകുളത്താണ് ദേവകി അമ്മ ജനിച്ചത്. അവരുടെ മുത്തച്ഛനിൽ നിന്നാണ് പൂന്തോട്ട പരിപാലനത്തോടുള്ള പ്രചോദനം ഉൾക്കൊണ്ടത്. 1980 ൽ ദേവകി അമ്മ ഗുരുതരമായ ഒരു വാഹനാപകടത്തിൽ അകപ്പെട്ടതോടെയാണ് മൂന്ന് വർഷത്തോളം കിടപ്പിലായത്. പ്രകൃതി സംരക്ഷണ രംഗത്തെ കേരളത്തിന്റെ അഭിമാനമാണ് ഇന്ന് ദേവകി അമ്മ. കേരളത്തിന്റെ വന മുത്തശിയെ കൂടാതെ 44 പേർക്കും പത്മ അവാർഡുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
