ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഇതിന്റെ ഭാഗമായി മുഖ്യ വരണാധികാരിയേയും രണ്ട് സഹ വരണാധികാരിയേയും തെരഞ്ഞെടുപ്പ് കമ്മീഷന് നിയമിച്ചു.

രാജ്യസഭ സെക്രട്ടറി ജനറല്‍ പിസി മോഡിയെയാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2025 ന്റെ റിട്ടേണിങ് ഓഫീസറായി നിയമിച്ചത്.
രാജ്യസഭ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി ഗരിമ ജെയിന്, രാജ്യസഭ സെക്രട്ടേറിയറ്റ് ഡയറക്ടര്‍ വിജയകുമാര്‍ എന്നിവരാണ് സഹവരണാധികാരികള്‍. കേന്ദ്ര നിയമമന്ത്രി അര്ജുന് രാം മേഘ് വാള്, രാജ്യസഭ ഡെപ്യൂട്ടി ചെയര്മാന് ഹരിവംശ് നാരായണ്‍ സിങ് എന്നിവരുമായി കൂടിയാലോചിച്ചശേഷമാണ് വരണാധികാരിയെയും സഹ വരണാധികാരികളെയും നിയമിച്ചിരിക്കുന്നത്.

വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീയതി അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം വൈകാതെ തന്നെ പുറത്തിറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അധികൃതര്‍ സൂചിപ്പിച്ചു. ആര്‍ട്ടിക്കിള്‍ 324 പ്രകാരം, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തമാണ്. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതോടെയാണ്, പെട്ടെന്ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

