കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തിൽ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. കസ്റ്റംസിൽ നിന്ന് ഇഡി ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഓഫീസിലേക്ക് ഇഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. കേസിൽ സാമ്പത്തിക ക്രമക്കേടുകളടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് കസ്റ്റംസ് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണത്തിന് ഒരുങ്ങുന്നത്.

വാഹന ഇടപാടിൽ പലരും സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇടപാടിൽ കോടികൾ മറിഞ്ഞെന്ന നിഗമനത്തിലാണ് ഇഡിയുള്ളത്. ഫെമ, പിഎംഎൽഎ കുറ്റങ്ങൾ വാഹനക്കടത്തിൽ നിലനിൽക്കുന്നതിന്റെ വിവരങ്ങൾ ഇഡി പരിശോധിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഇഡി ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. കേസിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഡിയും കേസിൽ ഇടപെട്ടിരിക്കുന്നത്.
വാഹന ഇടപാടുകളിലൂടെ ലഭിച്ച തുക ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നുവെന്ന കസ്റ്റംസ് വെളിപ്പെടുത്തലിൽ കൂടുതൽ കേന്ദ്ര ഏജൻസികൾ വിവരങ്ങൾ തേടും. വാഹനങ്ങൾ കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് സമൻസ് നൽകും. വാഹനത്തിന്റെ റജിസ്ട്രേഷൻ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്ന് നിർദേശവും നൽകും. കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കസ്റ്റംസ് തീരുമാനം. ദുൽഖറിന്റെ രണ്ടു വാഹനങ്ങൾ കൂടി കസ്റ്റംസ് നിരീക്ഷണത്തിലാണ്.

രാജ്യത്താകമാനം ആയിരത്തിലേറെ വാഹനങ്ങൾ കള്ളക്കടത്തിലൂടെ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. അതിൽ ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിൽ തന്നെയുണ്ട്. 36 കാറുകൾ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ബാക്കിയുള്ളവ തേടുകയാണ് അന്വേഷണസംഘം.

