ദില്ലി: പിഎം ശ്രീ പദ്ധതിയുടെ ധാരാണപത്രത്തിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ മൂന്നു ദിവസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ കടുത്ത നടപടി ആലോചിക്കുമെന്ന് വ്യക്തമാക്കി സിപിഎമ്മിന് സിപിഐയുടെ കത്ത്. സിപിഎമ്മിനെ നന്ദിഗ്രാം ഓർമിപ്പിച്ചുകൊണ്ടാണ് സിപിഐ ദേശീയ സെക്രട്ടറിയേറ്റിന്റെ കത്ത്.

ബംഗാളിലെ നയ വ്യതിയാനം അന്ന് ചൂണ്ടിക്കാട്ടിയതാണെന്നും സിപിഐ ഓർമ്മിപ്പിക്കുന്നു. സിപിഎം നേതൃത്വവുമായുള്ള ചർച്ചയിൽ ഇക്കാര്യം പറയും. ബംഗാളിൽ കണ്ട പ്രവണതകൾ കേരളത്തിലെ തുടർഭരണത്തിൽ കാണുന്നുവെന്നും സിപിഐ സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു. ബീജെപിയെ സഹായിക്കുന്ന നയമാണ് സിപിഎം ഇക്കാര്യത്തിൽ സ്വീകരിച്ചതെന്നും വിമർശനമുണ്ട്.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജയാണ് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് ഇതുസംബന്ധിച്ച കത്ത് നൽകിയത്. പിഎം ശ്രീയിൽ നിന്ന് പിന്മാറണമെന്ന ആവശ്യമാണ് സിപിഐ മുന്നോട്ടുവെച്ചിരിക്കുന്നത്.മൂന്നാം പിണറായി സർക്കാരെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് പിഎം ശ്രീ വിവാദത്തിൽ എൽഡിഎഫ് നേതൃത്വം ഉലയുന്നത്.

ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോൾ എല്ലാം ചർച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്. ഘടകക്ഷികളെ ഇരുട്ടിൽ നിർത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം.

